കനത്ത മഴയും വെള്ളപ്പൊക്കവും; ചൈനയില്‍ 12 മരണം

ബെയ്ജിങ്: ചൈനയിലെ മധ്യ ഹെനാന്‍ പ്രവിശ്യാ ഏതാനും ദിവസങ്ങളായി പെയ്യുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതോടെ മേഖലയില്‍ നിന്ന് ഒരു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. പ്രവിശ്യാ തലസ്ഥാനമായ ഷെങ്ഷോയില്‍ ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയില്‍ മാത്രം 201.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് ഹെനാന്‍ പ്രവിശ്യാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചൊവ്വാഴ്ച 24 മണിക്കൂറിനുള്ളില്‍ ശരാശരി 457.5 മില്ലിമീറ്റര്‍ മഴ പെയ്തു. വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ദൈനംദിന മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളുള്ള ഹെനാന്‍ പ്രവിശ്യ വ്യവസായ – കാര്‍ഷിക മേഖല കൂടിയാണ്. ഇവിടങ്ങളെ മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ബുദ്ധ സന്യാസിമാരുടെ ഷാവോലിന്‍ ക്ഷേത്രത്തിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്.

കടുത്ത വെള്ളക്കെട്ട് നഗരത്തിലെ റോഡ് ഗതാഗതത്തെ നിശ്ചലമാക്കി. 80 ലധികം ബസ് ലൈനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. സബ്വേ സര്‍വീസും താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 160 ലധികം ട്രെയിന്‍ സര്‍വീസുകളും 260 വിമാനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്.

നഗരത്തിലെ അഞ്ചാമത്തെ ലൈനിലെ സബ്വെ ടണലിലേക്ക് മഴവെള്ളം ഒഴുകിയെത്തി ട്രെയിന്‍ കുടങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസ് ഉദ്യോഗസ്ഥരും അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. സബ്വെ ട്രെയിനുള്ളിലെ ജലനിരപ്പ് കുറഞ്ഞുവരികയാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Top