തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു; മണ്ണിടിഞ്ഞ് ഗതാഗത തടസം,സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്ത മഴ തുടരുന്നു. കോയമ്പത്തൂര്‍, മധുരൈ, തേനി, നീലഗിരി,ദിണ്ഡിഗല്‍, ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. നീലഗിരിയില്‍ കോട്ടഗിരി-മേട്ടുപ്പാളയം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതായും നീലഗിരി ട്രാഫിക് പൊലീസ് അറിയിച്ചു.

നീലഗിരി മൗണ്ടന്‍ റെയില്‍വെ വിഭാഗത്തിന്റെ കീഴിലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. 06136, 06137 നമ്പര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രാക്കിലെ മണ്ണ് ഒലിച്ച് പോയതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

മണിക്കൂറോളം കനത്ത മഴ തുടര്‍ന്നതോടെ മധുരൈയിലും തൂത്തുക്കുടിയിലും നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നീലഗിരിയിലെ നാല് താലൂക്കുകളിലും മധുരൈ, തേനി, ദിണ്ഡിഗല്‍, തിരുനെല്‍വേലി, തെങ്കാശി, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു. വരും മണിക്കൂറുകളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Top