മസ്‌കറ്റ്: വ്യാഴാഴ്ച മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ ഫലമായാണ് ഒമാനില്‍ കനത്ത മഴ പെയ്യുകയെന്നാണ് ഒമാന്‍ സിവില്‍ എവിയേഷന്‍ സമിതിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുക്കുന്നത്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അല്‍ റഹ്മാ ന്യൂന മര്‍ദ്ദം മൂലം കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച മഴയും കാറ്റും ഈ ബുധനാഴ്ച അവസാനിക്കുമ്പോള്‍ തന്നെ ഒമാനില്‍ മറ്റൊരു ന്യൂന മര്‍ദ്ദം കൂടി രൂപപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദമാക്കുന്നത്. മുസന്ദം ഗവര്‍ണറേറ്റില്‍നിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്‌കത്ത്, തെക്ക്-വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴപെയ്യുവാന്‍ സാധ്യതയുണ്ട്.
മത്സ്യ ബന്ധനത്തിന് കടലില്‍ പോകുന്നവരും, വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ വാദികള്‍ മുറിച്ചുകടക്കുന്നതും സുരക്ഷാ നിര്‍ദേശം അനുസരിച്ചു ആയിരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.