ഒടുവിൽ കേന്ദ്ര സേനയും സമ്മതിച്ചു, മുഖ്യമന്ത്രി മുന്നിൽ നിന്നും നയിച്ചത് ഗുണമായി !

pinarayi

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ഒറ്റക്കെട്ടായി നടന്ന രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് കേന്ദ്ര സേനകൾ രംഗത്ത്.

ദുരന്ത മുഖത്തു നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ഏകോപനം മികവുറ്റതായിരുന്നെന്നാണ് കര നാവിക വ്യോമ സേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

ഇതുവരെയും രാജ്യത്ത് നടന്നതിൽ വെച്ച് വലിയ രക്ഷാപ്രവർത്തനമാണ് കേന്ദ്ര സേനകൾ നടത്തിയത്. മുഖ്യമന്ത്രി മുന്നിൽ നിന്ന് നയിച്ചതിനാൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായെന്നും സർക്കാർ മേൽനോട്ടത്തിൽ നടന്ന ഒറ്റക്കെട്ടായ പ്രവർത്തനമാണ് ഓപ്പറേഷൻ വിജയിക്കാൻ കാരണമെന്നും സതേൺ എയർ കമാന്റ് എയർ മാർഷൽ ബി.സുരേഷ് പറഞ്ഞു

അപകട മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു കരസേന പ്രവർത്തനം നടത്തിയത്. ഭൂരിഭാഗം പേരെയും ജീവനനോടെ രക്ഷിക്കാനുള്ള ദൗത്യം വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് പാങ്ങോട് സ്റ്റേഷൻ കമാൻഡർ ഇഏ അരുൺ വ്യക്തമാക്കി.

കാലാവസ്ഥ, പ്രളയത്തിന്റെ തീവ്രത എന്നിവ രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായിരുന്നുവെന്നും എന്നാൽ കേന്ദ്ര സേനയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളിൽ നിന്നുൾപ്പെടെ ലഭിച്ച സഹായം വളരെ ഉപകാരപ്പെട്ടെന്നും കോസ്റ്റ് ഗാർഡും നേവിയും അറിയിച്ചു.

രക്ഷാപ്രവർത്തനം പൂർത്തിയായ സാഹചര്യത്തിൽ പുനരുദ്ധാരണ പ്രവർത്തനത്തിലും പരമാവധി സഹായം സർക്കാരിന് നൽകുമെന്ന് കേന്ദ്ര സേനകൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഒപ്പം ദുരന്തത്തെ നേരിട്ട കേരള ജനതയുടെ ഐക്യത്തെ അവർ അഭിനന്ദിക്കുകയും ചെയ്തു.

Top