പനമരം: വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തു (24) ആണ് മരിച്ചത്.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു.റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴയുടെ അളവ് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 7 ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി,കോട്ടയം വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (വ്യാഴാഴ്ച) അവധി നല്‍കിയിട്ടുണ്ട്.
എറണാകുളം കുട്ടന്‍പുഴ പഞ്ചായത്തിലെ നിരവധി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. കോഴിക്കോട് ജില്ലയില്‍ വടകര, താമരശ്ശേരി താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്ന് നിരവധി ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി വഴി വയനാട് ചുരത്തിലേക്കുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ഇരുവിഴിഞ്ഞി, ചാലിയാര്‍ പുഴകളില്‍ ജനിരപ്പ് ഉയരുകയാണ്. വനമേഖലകളില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് നിഗമനം. കഴിഞ്ഞതവണ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.