ഉറക്കമില്ല,ഭക്ഷണവുമില്ല, ദുരന്തമുഖത്ത്‌ സൈന്യത്തോടൊപ്പം സജീവമായി പൊലീസ്!

POLICE

പത്തനംതിട്ട: പ്രളയത്തില്‍പ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ക്ക് രക്ഷയായി കാക്കിപ്പട. വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ‘പരിമിതികള്‍’ എല്ലാം മാറ്റി വെച്ച്, ഉള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും രാപ്പകല്‍ ഇല്ലാതെ ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുകയാണ്. മുപ്പത്തയ്യായിരം സേനാംഗങ്ങളാണ് രംഗത്തുള്ളത്. അയ്യായിരം പൊലീസുകാരെ കൂടി കൂടുതലായി നിയോഗിച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധാരണ സിവില്‍ പൊലീസുകാരന്‍ മുതല്‍ ഐ.പി.എസുകാര്‍ വരെ രംഗത്തിറങ്ങുന്ന കാഴ്ചയാണുള്ളത്. ഇവരില്‍ പലരും ഉറങ്ങിയിട്ടു തന്നെ ദിവസങ്ങളായി. സമയത്തിന് ഭക്ഷണം പോലും കഴിക്കാതെയാണ് പ്രവര്‍ത്തനം. പരിചയസമ്പന്നരായ സൈന്യത്തെ അപേക്ഷിച്ച് സ്വന്തം ജീവിതം തന്നെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പൊലീസ് സേനാംഗങ്ങള്‍ ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുന്നത്.

WhatsApp Image 2018-08-17 at 7.49.25 PM

ഇത്തരം ഒരു രക്ഷാപ്രവര്‍ത്തനം ക്രമസമാധാന ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസിന് പരിചയമില്ലെങ്കിലും നീന്തല്‍ അറിയുന്ന സേനാംഗങ്ങള്‍ റിസ്‌ക്ക് എടുത്ത് തന്നെയാണ് കര്‍മ്മനിരതമായിരിക്കുന്നത്. കിട്ടുന്ന ലഭ്യമായ വഞ്ചികളിലും ബോട്ടുകളിലും മുങ്ങല്‍ വിദഗ്ദരുടെയും മത്സ്യതൊഴിലാളികളുടെയും സേവനം ലഭ്യമാക്കിയായിരുന്നു പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

സമീപ ജില്ലകളില്‍ നിന്ന് പോലും പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലേക്ക് മത്സ്യബന്ധന ബോട്ടുകള്‍ എത്തിക്കുന്നതിലും ടിപ്പര്‍ ലോറികള്‍ ലഭ്യമാക്കുന്നതിനും ശക്തമായ ഇടപെടല്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി. ഇവയില്‍ പലതും പിടിച്ചെടുത്താണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. പൊലീസ് വാഹനങ്ങള്‍ക്ക് പുറമെയാണിത്. തിരുവനന്തപുരം, തൃശൂര്‍ റേഞ്ച് ഐ.ജിമാരും എറണാകുളം, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുമാരും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം തന്നെ നല്‍കിയിരുന്നു.

RESCUE

പൊലീസിന്റെ ഈ ഇടപെടലാണ് കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ സഹായകരമായത്. ചെയ്യുന്ന പ്രവര്‍ത്തികള്‍ സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയകളില്‍ ഇടുന്ന ഏര്‍പ്പാട് പൊലീസിനും ഫയര്‍ഫോഴ്‌സിനും ഇല്ലാത്തതിനാല്‍ മാത്രമാണ് ഇതുസംബന്ധമായ ദൃശ്യങ്ങള്‍ പുറത്തു വരാതിരിക്കുന്നത്.

എന്നാല്‍ , അവസരം മുതലാക്കി ക്രിമിനലുകള്‍ കവര്‍ച്ച നടത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ശക്തമായ നടപടികളും ഇപ്പോള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ സേനകള്‍ക്കു പുറമെ സൈന്യവും, നേവിയും, വ്യോമ സേനയും സജീവമായി രംഗത്തിറങ്ങിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വേഗത്തിലായിട്ടുണ്ട്. മരുന്നും ഭക്ഷണവും ആവശ്യത്തിന് എത്തിക്കാന്‍ കഴിയാത്തതാണ് ഇപ്പോള്‍ ദൗത്യസേന നേരിടുന്ന വലിയ വെല്ലുവിളി. ഇത് ഉടന്‍ പരിഹരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. വെള്ളം കയറുമെന്ന മുന്നറിയിപ്പ് നിരവധി തവണ നല്‍കിയിട്ടും ഫ്‌ളാറ്റുകളില്‍ അടക്കം താമസിക്കുന്ന ഒരു വിഭാഗം അവിടം വിട്ട് പോവാതിരുന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

FLOOD

ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടു തകരുമെന്നും വന്‍ ദുരന്തമുണ്ടാകുമെന്നും തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ കടിഞ്ഞാണിടാനും പൊലീസിന് സാധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നതു മുതലാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പ്രചാരണങ്ങള്‍ നടന്നിരുന്നത്.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്റ്റേറ്റ് പൊലീസ് മോണിറ്ററിങ് റൂം കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ റേഞ്ച് ഐജിമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടേയും നേതൃത്വത്തിലാണ് നടക്കുന്നത്. പുതിയതായി പാസിങ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം 82,442 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

3,14,000 പേരാണ് സംസ്ഥാനത്തൊട്ടാകെ 2094 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. കാലവര്‍ഷക്കെടുതിയില്‍ 164 പേരാണ് പത്തു ദിവസത്തിനിടെ മരണമടഞ്ഞത്. ഇതേതുടര്‍ന്ന് ഈ കാലവര്‍ഷത്തില്‍ ആകെ 324 മരണങ്ങളാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. മേയ് 29 മുതല്‍ ഓഗസ്റ്റ് 17 രാവിലെ എട്ടുവരെയുള്ള കണക്കാണിത്.

Top