റിയാദ് : യുഎഇയില്‍ അടുത്തയാഴ്ച കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും വടക്കു കിഴക്കന്‍ എമിറേറ്റുകളിലും പരമാവധി ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
തീരദേശ, പര്‍വത മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലില്‍ ആറടി ഉയരത്തില്‍ വരെ തിരകള്‍ രൂപപ്പെടാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കടല്‍ത്തീരത്തു നിന്നും മലയോര മേഖലകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദേശം. വാദികള്‍ക്കു കുറുകെ കടക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. യുഎഇയിലും ഒമാനിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. താഴ്ന്ന മേഖലകള്‍ പലതും വെള്ളത്തിലായതു മൂലം ജനജീവിതം പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടായി.
ദുബൈ, അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ പകല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. റാസല്‍ഖൈമ ജബല്‍ അല്‍ ജൈസ് മലനിരകളില്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.