വടക്കന്‍ കേരളത്തില്‍ പലയിടത്തും കനത്ത മഴ; വഞ്ചിയം വനമേഖലയില്‍ ഉരുള്‍പൊട്ടി

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴ. കണ്ണൂര്‍ ആറളം വഞ്ചിയം മേഖലയില്‍ കനത്ത മഴ തുടരുന്നു. മലവെള്ളപ്പാച്ചിലിനൊപ്പം വഞ്ചിയം പയ്യാവൂര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നു. പ്രദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വഞ്ചിയം വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു.

മുക്കാലി, മന്ദംപൊട്ടി, ചപ്പാത്ത് മേഖലകളില്‍ വെള്ളം കരകവിഞ്ഞതിനാല്‍ ചുരം വഴിയുള്ള ഗതാഗതം തടസപ്പെട്ടു. ആനമുളി, മുക്കാലി ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടഞ്ഞു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലും കനത്ത മഴ തുടരുന്നു. തോടുകളും പുഴകളും കരവിഞ്ഞു. മീന്‍വല്ലം പ്രദേശത്ത് വനത്തിനുള്ളില്‍ കനത്ത മഴ പെയ്തതോടെ തുപ്പനാട് പുഴയും കരകവിഞ്ഞൊഴുകുകയാണ്. തെങ്കര സ്വദേശി ചന്ദ്രന്റെ ബൈക്ക് ഏഴാംവളവില്‍ ഒഴുക്കില്‍പ്പെട്ടു. യാത്രക്കാരനെ രക്ഷപെടുത്തി.

മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. കേരള എസ്‌റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണ് പുഴയിലേക്കിടിഞ്ഞു. ഉച്ചമുതല്‍ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ജനങ്ങളെ ഇന്നലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത മഴയില്‍ ഒലിപ്പുഴ കരകവിഞ്ഞു. നിലമ്പൂര്‍ താലൂക്കിലെ കാളികാവ് മേഖലയിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു.

Top