ഗാംഗ്‌ടോക്: കനത്ത മഴയെത്തുടര്‍ന്ന് സിക്കിമിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി 3,500 പേര്‍ കുടുങ്ങി. വടക്കന്‍ സിക്കിമിലെ ചോംഗ്താംഗ് മേഖലയിലെ ഒരു പാലം മഴയില്‍ തകര്‍ന്നുവീണു. മേഖലയില്‍ മിന്നല്‍ വെള്ളപ്പൊക്കവും അനുഭവപ്പെട്ടു.
ശനിയാഴ്ച ഉച്ചവരെയുള്ള സമയത്തിനുള്ളില്‍ 2,000 പേരെ രക്ഷപ്പെടുത്തിയതായും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെയും ത്രിശക്തി കോറിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സൈന്യം അറിയിച്ചു.
കുടുങ്ങിപ്പോയ വിനോദസഞ്ചാരികള്‍ക്കായി താല്‍ക്കാലിക ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. ഗതാഗത തടസം നീക്കുന്നത് വരെ ഇവരെ ഇവിടങ്ങളില്‍ സുരക്ഷിതമായി പാര്‍പ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.