ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ. കടലൂര്‍, വില്ലുപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതിന്റെ സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കടലൂര്‍, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂര്‍, കല്ല്കുറിച്ചി, ചെങ്കല്‍പട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി.
നാഗപട്ടണത്ത് ജനുവരി 7 രാവിലെ 8.30 മുതല്‍ ജനുവരി 8 പുലര്‍ച്ചെ 5.30 വരെ 16.7 സെന്റീമീറ്റര്‍ മഴ ലഭിച്ചു. കാരയ്ക്കല്‍ (12.2 സെന്റീമീറ്റര്‍), പുതുച്ചേരി (9.6 സെന്റീമീറ്റര്‍), കടലൂര്‍ (9.3 സെന്റീമീറ്റര്‍), എന്നൂര്‍ (9.2 സെന്റീമീറ്റര്‍) എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇപ്പോഴും മഴ തുടരുകയാണ്.
അണ്ണാമലൈ യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മിക്കയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.