തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ. ഇന്നലെ മുതല്‍ വീണ്ടും ശക്തമായ മഴ പുലര്‍ച്ചയോടെ കുറഞ്ഞു. ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടി. ആളപായമില്ല. അന്‍പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പുലര്‍ച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. രാത്രിയില്‍ പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട മഴ തുടര്‍ന്നു. ഇന്ന് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി കല്ലാര്‍ ഡാം തുറന്നു. വെളുപ്പിന് 2.30 മുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
മലപ്പുറം ജില്ലയില്‍ രാത്രിയില്‍ കാര്യമായ മഴ ഉണ്ടായില്ല. പുലര്‍ച്ചെ കാലാവസ്ഥ ശാന്തമാണ്. വയനാട്ടില്‍ കനത്ത മഴയ്ക്ക് ശമനം. ജില്ലയില്‍ എവിടെയും ഇപ്പോള്‍ മഴയില്ല. വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി, ചീരാല്‍ എന്നിവിടങ്ങളില്‍ നിന്ന് വെളളം ഇറങ്ങി. കോഴിക്കോട് നഗര മേഖലകളില്‍ ഇന്നലെ മുതല്‍ മഴയില്ല. എന്നാല്‍ മലയോര മേഖലകളില്‍ നല്ല മഴ തുടരുന്നു.
കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ അടക്കം പുലര്‍ച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോള്‍ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മഴ പെയ്യുന്നത് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലത്തെ മഴയില്‍ തീ കോയില്‍ മണ്ണിടിച്ചിലുണ്ടായി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് പുലര്‍ച്ചയോടെ മഴ കുറഞ്ഞു. ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ രാത്രിയില്‍ മഴ പെയ്തു.