സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷമുണ്ടാകുന്ന ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്.

അടുത്ത മണിക്കൂറുകളില്‍ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് ഇത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും. മധ്യ ബംഗാള്‍ ഉള്‍ക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള – തെക്കന്‍ തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. അറബിക്കടലിലെ ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിനുള്ളിലും ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി വെള്ളിയാഴ്ച്ചയോടെയും ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും.

Top