കോഴിക്കോട്: മഴ ശക്തിപ്രാപിച്ചതോടെ താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. 11 പേരെ കാണാതായി. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍ന(9) ആണ് മരിച്ചത്. രണ്ട് കുടുംബങ്ങളിലെ 11 പേരെയാണ് ഇതിനോടകം കാണാതായിരിക്കുന്നത്.
കോഴിക്കോടും മലപ്പുറത്തും വിവിധയിടങ്ങളിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. താമരശേരി കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലിനിടെ കുടുംബം ഒഴുക്കില്‍പ്പെട്ടു. ഇവരെ രക്ഷപ്പെടുത്തി. പുല്ലൂരാംപാറ ജോയ്‌റോഡില്‍ ഉരുള്‍പൊട്ടി. എന്നാല്‍ ആളപായമില്ല. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി.
ബാലുശേരി മങ്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു.ദേശീയ ദുരന്തനിവാരണസേന ഇന്ന് കോഴിക്കോട്ട് എത്തുന്നുണ്ട്. ജില്ലാ കളക്ടറുടെ ആവശ്യപ്രകാരമാണ് സേന എത്തുന്നത്.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് താറുമാറായതോടെ കോഴിക്കോട് – വയനാട് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നൂറുകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈങ്ങാപ്പുഴയില്‍ റോഡില്‍ വെള്ളം കയറിയയതിനാല്‍ വാഹനങ്ങള്‍
കുടുങ്ങിക്കിടക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.