കനത്തമഴ: ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിലക്ക്

തൃശ്ശൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. മുല്ലപ്പെരിയാറും തുറന്നേക്കുമെന്നാണ് സൂചന. എറണാകുളം ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

വിനോദ സഞ്ചാരം, തൊഴുലുറപ്പ് പദ്ധതികള്‍, ക്വാറികള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രികാല യാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

തൃശൂര്‍ ജില്ലയില്‍ തീരദേശ മേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി ഉള്‍പ്പെടെ ടൂറിസം കേന്ദ്രങ്ങളില്‍ രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശന വിലക്കേര്‍പ്പെടുത്തി. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദര്‍ശകരെ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറി പ്രവര്‍ത്തനം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വേളൂക്കര പട്ടേപ്പാടത്ത് മൂന്നു വയസ്സുള്ള കുട്ടിയെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന്‍ ആരോം ഹെവന്‍ ആണ് രാവിലെ ഒഴുക്കില്‍പ്പെട്ടത്. വീട്ടില്‍ കുളിപ്പിക്കാനായി നിര്‍ത്തിയ സമയത്ത് കുട്ടി പെട്ടന്ന് ഓടുകയും തൊട്ടടുത്തുള്ള തോട്ടില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്മയും കൂടെ ചാടിയെങ്കില്ലും കുട്ടി ഒഴുകിപ്പോവുകയായിരുന്നു.

Top