വന്‍ ഭക്തജന തിരക്ക്; വാഹനങ്ങള്‍ക്ക് നിയന്ത്രണം, തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു

പത്തനംതിട്ട: നിലയ്ക്കലിലും പമ്പയിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം. ശബരിമലയില്‍ ഭക്തജന തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

തിരക്ക് ഒഴിയുന്ന മുറയ്ക്ക് മാത്രമാണ് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കും നിയന്ത്രണം ബാധകമാണ്. പത്തനംതിട്ട, വടശ്ശേരിക്കര, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ മണിക്കൂറുകള്‍ കാത്ത് കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

ക്രിസ്മസ് പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളും അവധികളും ഭക്തരുടെ തിരക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഭക്തര്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവാണ് സന്നിധാനത്ത് ദര്‍ശനത്തിനും അനുഭവപ്പെടുന്നത്.

അതേസമയം ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയുമായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് രഥഘോഷയാത്ര പുറപ്പെട്ടു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ രാവിലെ 7നാണ് ഘോഷയാത്ര പുറപ്പെട്ടത്. ആറന്മുള ക്ഷേത്രത്തിന്റെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തെ ദേവസ്വം അധികൃതര്‍ ഏറ്റുവാങ്ങി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വച്ചിരുന്നു.

വിവിധ ക്ഷേത്രങ്ങളിലും കരകളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് തങ്കഅങ്കി ഘോഷയാത്ര ശബരിമലയില്‍ എത്തുക. 26ന് രാവിലെ പെരുനാട്ടില്‍ നിന്നു പുറപ്പെട്ട് ളാഹ, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍, ചാലക്കയം വഴി ഉച്ചയ്ക്ക് പമ്പയില്‍ എത്തും ത്രിവേണിയില്‍ നിന്നു സ്വീകരിച്ച് പമ്പാ ഗണപതി കോവിലില്‍ ദര്‍ശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് തങ്ക അങ്കി ശിരസ്സിലേറ്റി ഘോഷയാത്ര പുറപ്പെടും.

Top