ബജ്‍രംഗ്ദളിന്റെ പ്രതിഷേധ മാർച്ച്; സോണിയ ഗാന്ധിയുടെ വസതിക്ക് കനത്ത സുരക്ഷ

ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് സുരക്ഷ കൂട്ടി. ബജ്‍രംഗ്ദളിന്റെ പ്രതിഷേധ മാർച്ച് കണക്കിലെടുത്താണ് നീക്കം. കർണാടകത്തിലെ പ്രകടന പത്രികയിലെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്. അധികാരത്തിൽ വന്നാൽ ബജ്‍രംഗദളും പോപ്പുലർ ഫ്രണ്ടും പോലെ, വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രകടനപത്രികയിലെ പരാമര്‍ശം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഏകീകൃത സിവിൽ കോഡിനൊപ്പം ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിദിനം അരലിറ്റർ പാലുമടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയിൽ മുന്നോട്ട് വച്ചത്. എന്നാൽ, നേരത്തേ പ്രഖ്യാപിക്കപ്പെട്ട, സാധാരണക്കാർക്കുള്ള അഞ്ചിന ഗ്യാരന്റികൾക്കൊപ്പം, സംവരണവും ഭിന്നിപ്പിനെതിരെയുള്ള നടപടികൾക്കും കോൺഗ്രസ് പ്രകടനപത്രികയിൽ ഊന്നൽ നൽകുന്നു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നതാണ് കോൺഗ്രസിന്റെ ഒരു പ്രധാന വാഗ്ദാനം. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ബജ്‍രംഗദളും പോപ്പുലർ ഫ്രണ്ടുമാണ്. സംവരണ പരിധി അമ്പത് ശതമാനത്തിൽ നിന്ന് 70 ശതമാനമാക്കി ഉയർത്തുമെന്നത് മറ്റൊരു വാഗ്ദാനമാണ്. ബിജെപി റദ്ദാക്കിയ 4% മുസ്ലിം സംവരണം പുനഃസ്ഥാപിക്കും. എസ്‍സി സംവരണം 15-ൽ നിന്ന് 17 ശതമാനമാക്കും. വിവാദമായ ആഭ്യന്തര സംവരണം റദ്ദാക്കും. എസ്‍ടി സംവരണം 3-ൽ നിന്ന് അഞ്ച് ശതമാനമാക്കും.

നന്ദിനി പാലിന് പ്രോത്സാഹനം നൽകുമെന്നും, ക്ഷീരകർഷക സബ്‍സിഡി ഉയർത്തുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. കോൺഗ്രസ് പുറത്തിറക്കിയ അഞ്ചിന ഗ്യാരന്റികൾ ആദ്യമന്ത്രിസഭാ യോഗത്തിൽത്തന്നെ നടപ്പാക്കുമെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ വ്യക്തമാക്കി. പ്രധാനപ്പെട്ട അഞ്ചിന ഗ്യാരന്റികൾ വളരെ നേരത്തേ പ്രഖ്യാപിച്ച് വോട്ടുറപ്പിക്കുകയെന്നതായിരുന്നു കോൺഗ്രസ് തന്ത്രം. പിന്നാലെ സംവരണവും മതജാതി വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും കൂടുതൽ വോട്ട് കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

Top