ലണ്ടന്‍: സൈബീരിയൻ ശൈത്യ കാറ്റിലും മഞ്ഞുവീഴ്ചയിലും തണുത്തു വിറച്ചു ബ്രിട്ടൻ. കൊടുംതണുപ്പിനും മഞ്ഞിനുമൊപ്പം ശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതം ദുരിതത്തിലായി.
റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതത്തെയെല്ലാം കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിച്ചു. നൂറുക്കണക്കിനു ട്രെയിനുകളാണ് റദ്ദാക്കിയത്. മോട്ടോര്‍വേകളിലെല്ലാം പലയിടത്തും ഗതാഗത സ്തംഭനമാണ്. വ്യത്യസ്ത അപകടങ്ങളില്‍ ഇതുവരെ മൂന്നു പേര്‍ മരിച്ചു. കേംബ്രിഡ്ജ്ഷെയറിലും ലിങ്കണ്‍ഷെയറിലുമായിരുന്നു അപകടം.
കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ ബ്രിട്ടനിലെ ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. മഞ്ഞുവീഴ്ച രൂക്ഷമായ പ്രദേശങ്ങളില്‍ സ്കൂളുകള്‍ അടച്ചു. കെന്റ്, സറെ, സഫോക്സ്, സസെക്സ് എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. പത്തു സെന്റീമീറ്ററില്‍ അധികമാണ് ഇവിടങ്ങളില്‍ മഞ്ഞുമൂടികിടക്കുന്നത്.
അടുത്ത ദിവസങ്ങളിൽ തുടരുന്ന മഞ്ഞുവീഴ്ചയിൽ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടും സ്കോട്ട്ലന്‍ഡും ഏറെക്കുറെ പൂര്‍ണമായും മഞ്ഞിനടിയിലാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. സ്കോട്ട്ലന്‍ഡില്‍ 40 സെന്റീമീറ്റര്‍ വരെ കനത്തില്‍ മഞ്ഞുവീഴുമെന്നാണ് മുന്നറിയിപ്പ്. -6 മുതല്‍ -12 വരെയാണ് വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയ താപനില.