അബുദാബിയില്‍ കനത്ത മൂടല്‍ മഞ്ഞ് ; മുന്നറിയിപ്പ് നൽകി പൊലീസ് , ഗതാഗതം സ്തംഭിച്ചു

Abu Dhabi

അബുദാബി: അബുദാബിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് പൊലിസിന്റെ മുന്നറിയിപ്പ്. തലസ്ഥാനനഗരിയായ എമിറേറ്റിലാണ് അതിശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. ദേശീയ പാതയില്‍ മൂടല്‍മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് വാഹന ഗതാഗതം സ്തംഭിച്ചു.

കനത്ത മൂടല്‍ മഞ്ഞ് നിലനിൽക്കുന്ന സമയത്ത് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പുണ്ട്. വാഹനങ്ങള്‍ തമ്മില്‍ ഇരട്ടി അകലം പാലിക്കണം. ഓവര്‍ടേക് ചെയ്യാനോ ഹസാഡ് ലൈറ്റ് ഇടാനോ പാടില്ലെന്നും, വാഹനമോടിക്കുന്നവര്‍ ലോ ബീം ലൈറ്റാണ് ഉപയോഗിക്കേണ്ടതെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച നഷ്ടപ്പെട്ട് 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച സാഹചര്യത്തില്‍ ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള റോഡ് ഗതാഗതം ബുധനാഴ്ച്ച തടസ്സപ്പെട്ടിരുന്നു.

ബനിയാസ്, ഷഹാമ, അല്‍ഐന്‍ ഭാഗത്തേക്കുള്ള റോഡുകളെല്ലാം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ വേഗം കുറച്ചായിരുന്നു സഞ്ചരിച്ചത്. താരിഫ്, ബദാ സായിദ്, ഗുവൈഫാത്ത്, ശില തുടങ്ങിയ മേഖലകളിലും മൂടല്‍മഞ്ഞ് ശക്തമായിരുന്നു.

Top