പാകിസ്ഥാനിലെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങി 21 സഞ്ചാരികള്‍ മരിച്ചു

ലാഹോര്‍: പാകിസ്ഥാനിലെ പ്രധാന ഹില്‍ സ്‌റ്റേഷനായ മറിയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങി 21 സഞ്ചാരികള്‍ മരിച്ചു. ഒമ്പത് കുട്ടികളടക്കമാണ് മരിച്ചത്. മറിയിലെ മഞ്ഞു വീഴ്ച കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങള്‍ കുടുങ്ങിപ്പോകുകയായിരുന്നു. വഴിയില്‍ കുടുങ്ങിയ വാഹനങ്ങള്‍ മഞ്ഞിനടിയിലായത് അപകട കാരണം.

പ്രദേശത്തെ ദുരന്തമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങിയതോടെ പ്രദേശത്തേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കുടുങ്ങിക്കിടന്ന സഞ്ചാരികളെ രക്ഷപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് പ്രദേശത്തുണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ നിര്‍ദേശം നല്‍കി. 1122 പേരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടുക്കം രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഇസ്ലാമാബാദില്‍ നിന്ന് മറിയിലേക്കുള്ള റോഡ് അടച്ചു.

Top