മഴക്കെടുതി; വിദേശത്ത് നിന്നുള്ള സഹായഹസ്തങ്ങള്‍ക്ക് വന്‍നികുതി

തിരുവനന്തപുരം: കേരളത്തില്‍ ദുരിതം വിതച്ച മഴക്കെടുതിയിലേക്ക് സഹായഹസ്തവുമായി നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടതാണ് വിദേശത്ത് നിന്നുള്ള സഹായം. എന്നാല്‍ വിദേശത്തുനിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വന്‍നികുതി ഈടാക്കുന്നതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ നിരവധി സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്.

148/94 എന്ന നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഒഴിവുകള്‍ വിദേശത്ത് നിന്നും സാധനങ്ങള്‍ അയക്കുമ്പോള്‍ ബാധകമാണ് എന്നാണ് കസ്റ്റംസ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. വിദേശത്ത് നിന്നുള്ള സാധനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ ചാരിറ്റബിള്‍ സംഘടനകള്‍ ഈ നോട്ടിഫിക്കേഷന്‍ പ്രകാരം രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. പക്ഷേ ഇത് തികച്ചും അപ്രായോഗികമായ പഴയ ഒരു നോട്ടിഫിക്കേഷനാണ്. ഈ പ്രശനം നിലനില്‍ക്കുന്നതു കൊണ്ട് തന്നെ കശ്മീരിലും ബീഹാറിലും വലിയ പ്രളയം ഉണ്ടായപ്പോള്‍ പ്രത്യേക ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സംസ്ഥാനങ്ങളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

പഴയ നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള ഇളവുകള്‍ തന്നാല്‍ ആര്‍ക്കും സാധനങ്ങള്‍ എത്തിക്കാന്‍ കഴിയില്ലെന്നും കാലതാമസമെടുക്കും എന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് കത്ത് കൊടുത്തിരുന്നു. എന്നാല്‍ നാല് ദിവസമായിട്ടും യാതൊരു മറുപടിയും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടില്ല.

Top