hedli – india

മുംബയ്: കുട്ടിക്കാലം മുതല്‍ തന്നെ ഇന്ത്യയോട് തനിക്ക് കടുത്ത വെറുപ്പായിരുന്നെന്ന് മുംബയ് ഭീകരാക്രമണ കേസില്‍ അമരിക്കയില്‍ ജയിലില്‍ കഴിയുന്ന പാക് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.

ഇന്ത്യക്കെതിരെ പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഭീകര സംഘടനയായ ലഷ്‌കറെ തയ്ബയില്‍ ചേര്‍ന്നതെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. ഷിക്കാഗോയിലെ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള വിസ്താരത്തിലാണ് ഹെഡ്‌ലി ഇക്കാര്യം പറഞ്ഞത്.

1971ല്‍ ഇന്ത്യപാകിസ്ഥാന്‍ യുദ്ധ സമയത്ത് താന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ഇന്ത്യ ബോംബാക്രമണം നടത്തി. അന്ന് 11 വയസായിരുന്നു തനിക്ക്. സ്‌കൂള്‍ തകരുകയും അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.

അന്നുമുതല്‍ ഇന്ത്യയോട് ശത്രുത വളരുകയായിരുന്നു. തനിക്ക് ലഷ്‌കറുമായി ബന്ധമുണ്ടെന്ന് പാക് റേഡിയോയുടെ ഡയറക്ടര്‍ ജനറാലായിരുന്ന പിതാവിന് അറിയാമായിരുന്നു. എന്നാല്‍ ഭീകരപ്രവര്‍ത്തനങ്ങളെ അദ്ദേഹം എതിര്‍ത്തു. കുടുംബാംഗങ്ങളെല്ലാം പാകിസ്ഥാനില്‍ ഉന്നതപദവിയില്‍ ജോലി ചെയ്യുന്നവരാണെന്ന് പറഞ്ഞ ഹെഡ്‌ലി അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.

2008ല്‍ തന്റെ പിതാവ് മരിച്ചപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ആയിരുന്ന യൂസഫ് റാസ ഗിലാനി വീട്ടിലെത്തി അനുശോചനം അറിയിച്ചുവെന്നും ഹെഡ്‌ലി പറഞ്ഞു. അന്തരിച്ച ശിവസേന തലവന്‍ ബാല്‍ താക്കറെയെ അമേരിക്കയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെ വച്ച് അദ്ദേഹത്തെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നില്ല.

പക്ഷേ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് താക്കറെ അമേരിക്കയിലേക്ക് വന്നില്ല. വ്യാജ ഏറ്റുമുട്ടലില്‍ മരിച്ച ഇസ്രത് ജഹാന്‍ ലഷ്‌കര്‍ തീവ്രവാദിയാണെന്ന് തന്റെ കൂട്ടാളി തഹാവൂര്‍ റാണയുടെ വിചാരണക്കിടെ പറഞ്ഞിട്ടില്ലെന്നും ഹെഡ്‌ലി വ്യക്തമാക്കി.

Top