മുംബൈ: ലഷ്‌കറെ തയിബ കശ്മീര്‍ ഓപ്പറേഷന്‍ സുപ്രീംകമാന്‍ഡര്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയുടെ മകനെ ഇന്ത്യന്‍ സേന ഏറ്റുമുട്ടലില്‍ വധിച്ചതായി മുംബൈ ഭീകരാക്രണ കേസില്‍ പ്രതിയായ ഡേവിഡ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. കശ്മീരില്‍വച്ചായിരുന്നു സംഭവം. ഇന്ത്യന്‍ സേന നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ഹെഡ്‌ലി മൊഴി നല്‍കി.
കശ്മീരിന്റെ വിവിധ മേഖലയില്‍ ലഷ്‌കറിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് വേണ്ടിയാണ് ലഖ്‌വിയുടെ മകന്‍ മുഹമ്മദ് ഖാസിം എത്തുന്നത്. ലഷ്‌കറെ തയിബയുടെ ജനറല്‍ കൗണ്‍സില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഖാസിം പ്രവര്‍ത്തിച്ചത്. ഇയാള്‍ക്കൊപ്പം മറ്റു പ്രവര്‍ത്തകരും അണിചേര്‍ന്നിരുന്നു.
ഖാസിമിന്റെ പ്രവര്‍ത്തനം മിലിട്ടറി ഇന്റലിജന്‍സ് അറിഞ്ഞതായും തുടര്‍ന്ന് നടത്തിയ കമാന്‍ഡോ ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
ലഷ്‌കറെ നേതാവില്‍നിന്ന് തനിക്ക് ലഭിച്ച ഇ മെയില്‍ സന്ദേശത്തില്‍ ശിവസേന നേതാവ് ബാല്‍ താക്കറെ, മകന്‍ മകന്‍ ഉദ്ധവ് താക്കറെ എന്നിവരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നതായി ഹെഡ്‌ലി മൊഴി നല്‍കി. ലഷ്‌കറെ നേതാവ് സാജിദ് മീറിന്റെ ഇ മെയില്‍ സന്ദേശത്തില്‍ ‘ബാല ആന്‍ഡ് സണ്‍’ എന്നാണ് ഇരുവരെയും കുറിച്ച് പരാമര്‍ശിച്ചത്.
പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഹെഡ്‌ലി. മുംബൈ ആക്രമണത്തിന് മുന്‍പ് ശിവസേനയുടെ ദാദറിലെ ഓഫീസ് സന്ദര്‍ശിച്ചിരുന്നുവെന്ന് ഹെഡ്‌ലി യുഎസ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
ശിവസേനയുടെ പിആര്‍ഒ എന്നപേരില്‍ രാജാറാം റേഖ എന്നയാളെ സന്ദര്‍ശിച്ചതായും പിന്നീട് ഇയാളുമായി നിരന്തരം ബന്ധപ്പെട്ടതായും ഹെഡ്‌ലി മൊഴി നല്‍കിയിട്ടുണ്ട്. ബാല്‍ താക്കറെയെയും ഉദ്ധവിനെയും അമേരിക്കയില്‍ എത്തിച്ച് ആക്രമിക്കാന്‍ പദ്ധതിയിട്ടതായും മൊഴിയില്‍ പറയുന്നു.