എവറസ്റ്റ് കൊടുമുടിക്ക് സമീപം ആറ് പേരുമായി യാത്ര തിരിച്ച ഹെലികോപ്ടര്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിക്ക് സമീപം അഞ്ച് മെക്സിക്കന്‍ പൗരന്മാരുള്‍പ്പെടെ ആറ് പേരുമായി സ്വകാര്യ ഹെലികോപ്റ്റര്‍ കാണാതായതായി നേപ്പാള്‍ വ്യോമയാന അധികൃതര്‍ അറിയിച്ചു. മനാംഗ് എയര്‍ ചോപ്പര്‍ 9N-AMV ഹെലികോപ്ടറാണ് കാണാതായത്. സുര്‍കെ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 10:04 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടത്. എന്നാല്‍, 10:13 ന് 12,000 അടി ഉയരത്തില്‍ വച്ച് ഹെലികോപ്ടറിന്റെ ബന്ധം നഷ്ടപ്പെട്ടതായി ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ടിഐഎ) മാനേജര്‍ ഗ്യാനേന്ദ്ര ഭുല്‍ പറഞ്ഞു.

ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാര്‍ അഞ്ച് മെക്സിക്കന്‍ പൗരന്മാരാണെന്നും ഇവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും പൈലറ്റ് സീനിയര്‍ ക്യാപ്റ്റന്‍ ചേത് ബി ഗുരുങ്ങാണെന്നും ഹിമാലയന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏറെ നേരമായി ഹെലികോപ്റ്റര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ടിഐഎ വക്താവ് ടെക്നാഥ് സിതൗള മൈ റിപ്പബ്ലിക്ക ന്യൂസ് വെബ്സൈറ്റിനോട് പറഞ്ഞു. ലംജുറ ചുരത്തില്‍ എത്തിയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് ‘ഹലോ’ സന്ദേശം മാത്രമേ ലഭിച്ചുള്ളൂ. പിന്നീട് വിവരമൊന്നുമില്ല. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

1997-ല്‍ സ്ഥാപിതമായ മാനംഗ് എയര്‍ കാഠ്മണ്ഡു ആസ്ഥാനമായുള്ള ഹെലികോപ്റ്റര്‍ എയര്‍ലൈനാണ്. നേപ്പാളിലെ റെഗുലേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കീഴില്‍ നേപ്പാളിനുള്ളില്‍ വാണിജ്യ വ്യോമഗതാഗതത്തിനാണ് ഹെലികോപ്റ്ററുകള്‍ ഉപയോ?ഗിക്കുന്നത്. കമ്പനി ചാര്‍ട്ടേഡ് സേവനങ്ങള്‍ നല്‍കുകയും സാഹസിക, ഉല്ലാസയാത്രകള്‍ക്ക് ഹെലികോപ്ടറുകള്‍ വിട്ടുനല്‍കാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഹിമാലയന്‍ താഴ്വരകളിലും ഉത്തരേന്ത്യയിലും കനത്ത മഴ തുടരുകയാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിരവധി പേരാണ് മരിച്ചത്. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലടക്കം മഴ കനത്തുപെയ്യുകയാണ്.

Top