ജവാന്‍ പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാട്ടിലേക്ക്; കാത്തിരിപ്പില്‍ നാട്

തൃശൂര്‍: കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ.പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സുലൂരില്‍ നിന്നു പ്രദീപിന്റെ ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് പുറപ്പെട്ടു. ഡല്‍ഹിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ രാവിലെ 11 മണിയോടെയാണ് മൃതദേഹം സുലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ചത്. ഇവിടെവച്ചു ടി.എന്‍.പ്രതാപന്‍ എംപി ആദരാഞ്ജലി അര്‍പ്പിച്ചു.

ടി.എന്‍.പ്രതാപനും കേന്ദ്രമന്ത്രി വി. മുരളീധരനും ആംബുലന്‍സിനെ അനുഗമിക്കുന്നുണ്ട്. വാളയാര്‍ അതിര്‍ത്തിയില്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, കെ.രാജന്‍ എന്നിവര്‍ ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങും. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അതിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാകും.

മരണവിവരം അറിഞ്ഞയുടന്‍ പ്രദീപിന്റെ സഹോദരന്‍ പ്രസാദ് മൃതദേഹം ഏറ്റുവാങ്ങാന്‍ കോയമ്പത്തൂരിലേക്ക് പോയിരുന്നു. എന്നാല്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയ ശേഷം മാത്രമേ വിട്ടുനല്‍കൂ എന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സഹോദരന്‍ തൃശൂരിലേക്ക് തിരിച്ചെത്തുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന പിതാവിനോട് പ്രദീപിന്റെ മരണവിവരം അറിയിച്ചിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

2018ലെ പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ സംഘത്തില്‍ പ്രദീപുണ്ടായിരുന്നു. അന്നു സ്വമേധയാ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് ഉള്‍പ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചു. 6 മാസം മുന്‍പാണു കോയമ്പത്തൂര്‍ സൂലൂരിലെത്തിയത്.

Top