മുംബൈ: മുംബൈയില്‍നിന്ന് ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍പെട്ട കോപ്ടറില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ.ബാബു, പി.എന്‍ ശ്രീനിവാസന്‍ എന്നിവരാണ് കാണാതായ മലയാളികള്‍. ഒ.എന്‍.ജി.സിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്നു ജോസ്.
കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കോപ്ടറില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
രണ്ട് പൈലറ്റുമാരും അഞ്ച് ഒഎന്‍ജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലിനു മുകളില്‍വച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് എയര്‍ ട്രാഫിക് കണ്ട്രോള്‍ (എടിസി) വിഭാഗം അറിയിച്ചു.
ശനിയാഴ്ച രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58 ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ പെട്ടെന്ന് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നെന്നും എടിസി വ്യക്തമാക്കി.
പവന്‍ ഹാന്‍സ് വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.