കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജല്‍പായ്ഗുഡി ജില്ലയിലെ ബുക്‌സ ദേശീയോദ്യാനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കടുവാ സംരക്ഷണ സങ്കേതത്തില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കാനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തീരുമാനത്തിന് എതിര്‍പ്പുമായി വനം വകുപ്പ് രംഗത്ത്.
ഇവിടത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായാണ് മമത കടുവ സങ്കേതത്തിന്റെ നടുക്കായി ഹെലിപ്പാഡ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ വന്യജീവി സങ്കേതത്തിന് നടുവിലായി ഇത്തരത്തിലുള്ള അനധികൃത നിര്‍മ്മാണം ഇവിടെയുള്ള വന്യജീവികളുടെ സസ്യലോകത്തിന്റെയും ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും അത് സസ്യ-ജന്തുക്കളുടെ നാശത്തിന് കാരണമാകുമെന്നും വനം വകുപ്പ് അറിയിച്ചു.
ഇവിടെ ഇപ്പോള്‍ ആകെയുള്ളത് അഞ്ച് കടുവകളാണ്. ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനത്തിനുള്ളില്‍ നടത്തുന്നത് വഴി ഈ മൃഗങ്ങള്‍ ചത്തൊടുങ്ങുമെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു .