നരകം ഇവിടെയുണ്ട് ; പടക്കത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആനകളുടെ ചിത്രം വൈറൽ

ബൻകുര: മനുഷ്യനെ പോലെ തന്നെ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളവരാണ് മൃഗങ്ങളും.

ഒരിക്കലും അവർ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് മനുഷ്യന്റെ വാസകേന്ദ്രങ്ങളിലേക്ക് എത്താറില്ല. അഥവാ അത്തരത്തിൽ വന്യജീവികൾ എത്തുന്നുണ്ടെങ്കിൽ അതിന് പിന്നിൽ മനുഷ്യന്റെ നീചമായ പ്രവർത്തികൾ ഉണ്ടാകും.

അവരുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയോ അല്ലെങ്കിൽ അവരെ മാരകമായി ഉപദ്രവിക്കുകയോ ചെയ്യുമ്പോഴാണ് മൃഗങ്ങളും തിരികെ പ്രതികരിക്കുന്നത്.

മനുഷ്യന്റെ ക്രൂരതയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു ആനയുടെയും, ആനക്കുട്ടിയുടെയും ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ നിന്നുള്ള ഈ ചിത്രത്തിന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ചിട്ടുണ്ട്.

Hell is here അഥവാ നരകം ഇവിടെയുണ്ട് എന്ന പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

ബിപ്ലാബ് ഹസ്രയാണ് മനുഷ്യന്റെ ക്രൂരത നിഴലിക്കുന്ന ഈ ചിത്രം പകർത്തിയത്.

ഇന്ത്യയിൽ ആനകളും മനുഷ്യരും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ യാഥാർത്ഥ്യമാണ് ഈ ചിത്രം കാണിക്കുന്നത്.

ജൈവവൈവിധ്യ സംരക്ഷണത്തിനും സാമൂഹ്യ ഇടപെടലിനും വേണ്ടി പ്രവർത്തിക്കുന്ന മുംബൈ ആസ്ഥാനമായുള്ള സംഘടനയായ സാങ്ക്ച്യുറി നേച്ചർ ഫൗണ്ടേഷനാണ് ചിത്രത്തിന് അവാർഡ് നൽകിയത്.

സാമൂഹ്യ മാധ്യമങ്ങളിൽ വന്യ ജീവികളുടെ സംരക്ഷണം കൂടുതൽ പ്രാവർത്തികമാക്കണമെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

പശ്ചിമബംഗാളിലെ ബൻകുര ജില്ല, ആസാം, ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നീ സംസ്ഥനങ്ങളിൽ ആനകളെ ഉപദ്രവിക്കുന്നത് വളരെ കൂടുതലാണെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി.

ആനകൾക്ക് ജീവിക്കാൻ വേണ്ടത് വലിയ ആവാസവ്യവസ്ഥയാണ്, എന്നാൽ മനുഷ്യർ അവിടം കൈയേറി അവരെ ആക്രമിക്കുകയും, സ്ഥലങ്ങൾ കൈവശപ്പെടുത്തുകയും ചെയ്യുന്നു.

ഏഷ്യൻ ആനകളുടെ ശക്തികേന്ദ്രമാണ് ഇന്ത്യ. ആഗോള തലത്തിലുള്ള ഏഷ്യൻ ആനകളുടെ 70 ശതമാനവും ഇന്ത്യയിലാണ് ഉള്ളത്.

2014 ലെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ 30,000 ആനകളിൽ 800 ഓളം ആനകൾ ബംഗാളിലാണ്.

പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2014 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ 84 ആനകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഇപ്പോൾ ആനകൾ. കൊമ്പുകൾ ലക്ഷ്യമാക്കിയാണ് അന വേട്ടകൾ നടക്കാറുള്ളത്.

Top