കൊല്ലം: വാഹനപരിശോധനക്കിടയില്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ യുവാവിനെ വയര്‍ലെസ് സെറ്റു കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ പൊലീസുകാരനെതിരേ കേസെടുത്തു.
കൊല്ലം എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മാഷ് ദാസിനെതിരെയാണ് കേസെടുത്തത്. അഞ്ചുകല്ലുംമൂട് സ്വദേശി സന്തോഷ് ഫെലിക്‌സിനെ പരിക്കേല്‍പ്പിച്ച കേസില്‍ ഐപിസി 326 വകുപ്പ് ചുമത്തിയാണ് കേസ്.
തിങ്കളാഴ്ച രാവിലെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ.സതീഷ് ബിനോ ആശുപത്രിയില്‍ തലയോട്ടിക്ക് പൊട്ടലേറ്റു ചികിത്സയില്‍ കഴിയുന്ന സന്തോഷിന്റെ മൊഴിയെടുത്തിരുന്നു.
ഇതേത്തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തില്‍ കൊല്ലം എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മാഷ് ദാസിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആശ്രാമം ലിങ്ക് റോഡിലായിരുന്നു സംഭവം.
പൊലീസ് വാഹനപരിശോധനയ്ക്കിടയിലാണ് സന്തോഷിന് അടിയേറ്റത്. സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. പൊലീസ് സംഘമെത്തി സ്ഥിതിഗതിശാന്തമാക്കിയശേഷം ജീപ്പിലാണ് പരിക്കേറ്റ സന്തോഷിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.