കൊച്ചി: ‘ ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല’ എന്ന നിര്‍ദ്ദേശത്തെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ എതിര്‍ത്തിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി.
നിര്‍ദ്ദേശവുമായി മുന്നോട്ട് പോകാനാണ് മന്ത്രി പറഞ്ഞതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നോക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കിട്ടുണ്ടെന്ന് തച്ചങ്കരി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല എന്ന നിര്‍ദ്ദേശം പുതിയതല്ല. നേരത്തെ ഉണ്ടായിരുന്ന ഉത്തരവ് പുതിയ രീതിയില്‍ നടപ്പാക്കുന്നു എന്നു മാത്രമേയുള്ളൂ.
ബൈക്കപകടങ്ങള്‍ കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഹെല്‍മറ്റില്ലാതെ പെട്രോള്‍ വാങ്ങാനെത്തുന്നവരില്‍ നിന്ന് ആദ്യമേ തന്നെ പിഴ ഈടാക്കാനാെന്നും ഗതാഗത വകുപ്പിന് ഉദ്ദേശമില്ല. ആദ്യം ഉപദേശ രൂപേണ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
ഏറ്റവും ഒടുവില്‍ മാത്രമെ പിഴ ചുമത്തുന്നത് അടക്കുള്ള കടുത്ത നടപടികളിലേക്ക് കടക്കുകയുള്ളൂയെന്ന് ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രക്കാരെ ബോധവത്കരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ കൂടി ഈ പദ്ധതിയുടെ ഭാഗമാവും. ലഘുലേഖകള്‍ വിതരണം ചെയ്തും ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ച് ബോധവത്കരണം നടത്തുമെന്നും തച്ചങ്കരി പറഞ്ഞു.
മോട്ടോര്‍ വാഹന നിയമത്തിലുള്ള നിര്‍ദ്ദേശത്തെ ഒറ്റപ്പെട്ട നിര്‍ദ്ദേശമായി കണ്ട് അതിന്റെ പേരില്‍ വിവാദം ഉണ്ടാക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.