തിരുവനന്തപുരം : ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.
ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കേണ്ട പരിശോധന കാമറയില്‍ പകര്‍ത്തണം. പരിശോധനയുടെ വീഡിയോ ചിത്രീകരിക്കണം. വാഹന പരിശോധന എസ്‌ഐയുടെ നേതൃത്വത്തില്‍ വേണമെന്നും ഡിജിപി നിര്‍ദേശിച്ചു.
എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന നടത്തേണ്ടത്. റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും ഡിജിപി പുറപ്പെടുവിച്ചു. അനിഷ്ട സംഭവങ്ങള്‍ സംഭവിച്ചാല്‍ എസ്പിമാരിയിരിക്കും ഉത്തരവാദിയെന്നും ഡിജിപി വ്യക്തമാക്കി.
സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഇന്ന് മുതുലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ള പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കാന്‍ പരിശോധന കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പും പൊലീസും തീരുമാനിച്ചു.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്താല്‍ ഉടമയില്‍നിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 1,000 രൂപയാണു പിഴ. ലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. പിഴ അടയ്ക്കാത്തവര്‍ക്കു വാഹന്‍ സോഫ്റ്റ്വെയര് ഉപയോഗിച്ചു വിലക്കേര്‍പ്പെടുത്തും. പിഴ അടയ്ക്കാതെ ഇവര്‍ക്കു വാഹന സംബന്ധമായ മറ്റു സേവനങ്ങള്‍ ലഭിക്കില്ല.