കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം, വേഗത 40 കി.മീ കൂടരുതെന്നും കേന്ദ്ര വിജ്ഞാപനം

ന്യൂഡല്‍ഹി: ഇരുചക്ര വാഹന യാത്രയില്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് കുട്ടികള്‍ക്കും നിര്‍ബന്ധമാണ്. ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായുള്ള യാത്രയില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്.

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 9 മാസം മുതല്‍ 4 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റായിരിക്കണം ധരിക്കേണ്ടത്. സൈക്കിള്‍ സവാരിക്ക് ഉപയോഗിക്കുന്ന ഹെല്‍മറ്റും അനുവദനീയമാണ്.

4 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇരുചക്ര വാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷാബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണം. നാലു വയസ്സുവരെയുള്ള കുട്ടികളുമായി പോകുമ്പോള്‍ ഇരുചക്ര വാഹനത്തിന്റെ വേഗം പരമാവധി മണിക്കൂറില്‍ 40 കിലോമീറ്റര്‍ മാത്രമെ ആകാവൂവെന്നും കരട് നിയമത്തില്‍ പറയുന്നു.

Top