ഡൽഹി : ഇരുചക്രവാഹന യാത്രക്കാർക്കുള്ള ഹെൽമറ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിബന്ധനകൾ പ്രകാരമുള്ളതാവണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. 2021 ജൂൺ ഒന്ന് മുതൽ നിബന്ധന നിലവിൽ വരും. നിലവാരം കുറഞ്ഞ ഹെൽമറ്റുകളുടെ വില്പനയും ഉപയോഗവും തടയുന്നതിനാണ് പുതിയ നടപടി. ഇരുചക്ര വാഹനാപകടങ്ങളിൽ പെടുന്നവർക്ക് തലയ്ക്ക് ഗുരുതര പരുക്ക് ഏൽക്കുന്നതായി കണ്ടെത്തിയിരുന്നു.
തുടർന്ന് സുപ്രിം കോടതിയുടെ നിർദ്ദേശ പ്രകാരം 2018ൽ ഒരു റോഡ് സുരക്ഷാ കമ്മറ്റി രൂപീകരിച്ചിരുന്നു. ആ കമ്മറ്റിയിലെ ഡോക്ടർമാരും മറ്റ് വിവിധ മേഖകളിലെ വിദഗ്ധരും ഉൾപ്പെട്ടവരുടെ നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനം. നിലവാരമുള്ളതും ഭാരം കുറഞ്ഞതുമായ ഹെൽമറ്റുകൾ ബിഐഎസ് മുദ്രണത്തോടെ നിർമിച്ചു വിൽപന നടത്തുന്നത് ഉറപ്പാക്കും.