പ്രളയത്തില്‍പ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്ന് ചക്രപാണി മഹാരാജ്

തിരുവനന്തപുരം : പ്രളയ ദുരന്തത്തില്‍ നിന്നും കേരളം കരകയറുന്നതിനിടെ വിവാദ പരാമര്‍ശങ്ങളുമായി ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജ്.

കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് ചക്രപാണിയുടെ വാദം. പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ചക്രപാണി പറഞ്ഞു.

ഭൂമിയോട് പാപം ചെയ്തവര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് പ്രളയം. ഞാനും കേരളത്തെ സഹായിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നു. എന്നാല്‍ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്നവരെ മാത്രമേ സഹായിക്കാവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിക്കാന്‍ മറ്റ് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുമ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ പശുവിനെ കൊല്ലുകയും അതിന്റെ മാംസം കഴിക്കുകയും ചെയ്യുന്നത്.

മനഃപൂര്‍വം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും ചക്രപാണി പറഞ്ഞു. ചില ചീത്ത മനുഷ്യര്‍ മൂലം നിഷ്‌കളങ്കരായവരും അപകടത്തില്‍ പെട്ടു. ബീഫ് കഴിക്കുന്നവരെ സഹായിക്കണമെങ്കില്‍ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന് സത്യം ചെയ്യണമെന്നും ചക്രപാണി ആവശ്യപ്പെട്ടു.

പ്രളയ ദുരന്തത്തില്‍ കേരളത്തിന്റെ കൈ പിടിക്കേണ്ടതിനു പകരം ഹേറ്റ് ക്യാംപയിനുമായി നേരത്തേയും ചിലര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലുള്ളവര്‍ ബീഫ് കഴിയ്ക്കുന്നതാണ് പ്രശ്‌നം. ഇവരെ രക്ഷിച്ചാല്‍ ബീഫ് ചോദിക്കുമെന്നായിരുന്നു ഗോസംരക്ഷകരുടെ വാദം. പ്രളയം കേരളം അര്‍ഹിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ ദേശീയ മാധ്യമങ്ങളും കേരളത്തിലെ അവസ്ഥയോട് മുഖം തിരിച്ചു. ബീഫ് നിരോധനത്തിനെതിരെ വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തിയതിനുള്ള ശിക്ഷയാണെന്നാണ് വിദ്വേഷ പോസ്റ്റുകള്‍.

Top