ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടല്ല, പൊലീസ് റിപ്പോർട്ടാണ് പുറത്ത് വിടേണ്ടത്

സ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലിയാണ് ഇപ്പോൾ വിവാദം പൊടിപൊടിക്കുന്നത്. ഈ റിപ്പോർട്ട് പുറത്ത് വിടണമെന്ന് നിരന്തരം ആവശ്യപ്പെടുന്നവർ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവിടാനാണ് സർക്കാറിനോട് ഇനി ആവശ്യപ്പെടേണ്ടത്. അത് മറ്റൊന്നുമല്ല, ഒരു ക്രൈംബ്രാഞ്ച് റിപ്പോർട്ടാണ്. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആ റിപ്പോർട്ടാണ് പുറത്തുവിടേണ്ടത്. വീരശൂരപരാക്രമികളായി മലയാള സിനിമയെ ശുദ്ധീകരിക്കാൻ ഇറങ്ങിയവർ ഉൾപ്പെടെ ഈ റിപ്പോർട്ടിൽ ഇടംപിടിച്ചതായാണ് ലഭിക്കുന്ന വിവരം.

ലഹരി വസ്തുക്കൾ ഉപയാഗിക്കുന്ന 32 സിനിമാ പ്രവർത്തകരുടെ വിവരമാണ് ക്രൈംബ്രാഞ്ച് മുൻപ് നൽകിയ റിപ്പോർട്ടിലുള്ളത്. ഇതിൽ നടിമാരും ഉൾപ്പെടുന്നുണ്ട് എന്ന വിവരവും ഞെട്ടിക്കുന്നതാണ്. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം മുൻപു പ്രത്യേക പൊലീസ് സംഘം നടത്തിയ ലഹരിവേട്ടയിൽ ഇടുക്കിയിലെ റിസോർട്ടിൽ നിന്നുൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഒരു സിനിമാ പ്രവർത്തകനെ പോലും ലക്ഷ്യമിട്ട് അത്തരമൊരു റെയ്ഡ് പൊലീസ് നടത്തിയിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഇക്കാര്യത്തിലും കർശന നടപടിയാണ് പൊലീസ് സ്വീകരിക്കേണ്ടത്. സിനിമയിൽ അഭിനയിച്ചു തകർക്കുന്ന നായക നടൻമാരും നടിമാരും ഉൾപ്പെടെയുള്ളവർ, ജീവിതത്തിൽ കാണിക്കുന്ന തെറ്റായ കാര്യങ്ങൾ ഈ നാട് ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. സിനിമാ മേഖലയിലെ ഈ ചെറിയ ഒരു വിഭാഗമാണ് മൊത്തം സിനിമാ മേഖലയ്ക്കും മാനക്കേട് ഉണ്ടാക്കുന്നത്. ഇതും നാം തിരിച്ചറിയേണ്ടതുണ്ട്.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവർത്തിച്ചാവശ്യപ്പെടുന്ന വനിതാ സംഘടന, ഇക്കാര്യത്തിലെ അഭിപ്രായവും തുറന്നു പറയണം. താൻ നൽകിയ റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്നും ശുപാർശകൾ നടപ്പാക്കുകയാണ് വേണ്ടതെന്നും പറഞ്ഞത് ജസ്റ്റിസ് ഹേമയാണ്. സർക്കാർ ഇക്കാര്യം ആവർത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. രഹസ്യമൊഴി ഉൾപ്പെടെ ഹേമ കമ്മിഷനു നൽകിയവരും അതു തന്നെയാണ് ആഗ്രഹിക്കുന്നത്. ഇതു കൂടി മുഖവിലക്കെടുത്താണ് റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാനു പോലും കുറ്റപ്പെടുത്തേണ്ടി വന്നിരിക്കുന്നത്.

പി.രാജീവിനെ വിമർശിച്ച ഡബ്ല്യൂസി സി നേതൃത്വത്തിനുള്ള ചുട്ട മറുപടി കൂടിയാണിത്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. അതല്ലാതെ, ഡബ്യൂസിസിയല്ല.ആദ്യം റിപ്പോർട്ട് പുറത്ത് വിടരുതെന്നു പറഞ്ഞവർ തന്നെയാണ് ഇപ്പോൾ മലക്കം മറിഞ്ഞ് റിപ്പോർട്ട് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. തീർച്ചയായും ഇതിനു പിന്നിലും ഒരു ‘അജണ്ട’യുണ്ട്. സിനിമയിലെ ശത്രുക്കൾക്കെതിരെ ബോധപൂർവ്വം ആരെങ്കിലും മൊഴി കൊടുപ്പിച്ചിട്ടുണ്ടോ എന്നതും ഈ ഘട്ടത്തിൽ പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. അതിനു അനുസരിച്ചുള്ള നടപടികളും, ഇതിനകം തന്നെ സർക്കാർ തുടങ്ങിയിട്ടുമുണ്ട്.

റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനേക്കാള്‍, ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുക തന്നെയാണ് വേണ്ടെത്. കാരണം, ഹേമ കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയ എല്ലാവരും സത്യസന്ധമായാണ് മൊഴി നല്‍കിയതെന്ന് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുകയില്ല. ചിലരെങ്കിലും വ്യക്തിഹത്യ ലക്ഷ്യമിട്ട് മൊഴികള്‍ നല്‍കിയിട്ടുണ്ടാവും. അവരാണ് റിപ്പോര്‍ട്ട് പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നത്. ഈ താല്‍പര്യത്തിനു ‘കുടപിടിക്കേണ്ട’ ആവശ്യം എന്തായാലും സംസ്ഥാന സര്‍ക്കാറിനില്ല. അതും നാം തിരിച്ചറിയേണ്ടതുണ്ട്.

 

EXPRESS KERALA VIEW

 

Top