റാഞ്ചി: അറസ്റ്റിന് പിന്നാലെ ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഹൈക്കോടതിയെ സമീപിച്ചതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. എന്ത് വിഷയം സംബന്ധിച്ചാണ് ഹേമന്ത് കോടതിയെ സമീപിച്ചതെന്ന് വ്യക്തമല്ല. ആക്ടിങ് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍, ജസ്റ്റിസ് അനൂഭാ റാവത്ത് എന്നിവര്‍ വ്യാഴാഴ്ച രാവിലെ 10.30-ന് ഹേമന്തിന്റെ പരാതി പരിഗണിക്കും.
ഝാര്‍ഖണ്ഡിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ബുധനാഴ്ചയാണ് ഹേമന്ത് അറസ്റ്റിലായത്. ഇ.ഡി. ചോദ്യംചെയ്യുന്നതിനിടെതന്നെ സോറന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ബുധനാഴ്ച ഏഴുമണിക്കൂറോളം സോറനെ ചോദ്യംചെയ്ത ഇ.ഡി. അദ്ദേഹം രാജിവെച്ചതിനുപിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. രാത്രിയോടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തിയായിരുന്നു ഹേമന്ത് രാജി സമര്‍പ്പിച്ചത്.
മുതിര്‍ന്ന ജെ.എം.എം. നേതാവും സംസ്ഥാന ഗതാഗതമന്ത്രിയുമായ ചംപായ് സോറനാണ് പുതിയ മുഖ്യമന്ത്രി. ഹേമന്തിന്റെ ഭാര്യ കല്പനാ സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ഇതിനെതിരേ സോറന്‍ കുടുംബത്തില്‍നിന്നും പാര്‍ട്ടിക്കുള്ളില്‍നിന്നും എതിര്‍പ്പുയര്‍ന്നതോടെയാണ് ചംപായ് സോറന് വഴിതെളിഞ്ഞത്.