ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഹേമന്ത് സോറൻ

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചു. സെപ്റ്റംബർ 23നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് ഇ.ഡി സോറനു നൽകിയ നിർദ്ദേശം. ഇതിനെതിരെ ഹേമന്ത് സോറൻ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.

ജാർഖണ്ഡിലെ അനധികൃത ഖനന കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു ഹേമന്ത് സോറൻ അന്വേഷണം നേരിടുന്നത്. ഇതിനു മുൻപു മൂന്നു തവണ ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹേമന്ത് സോറൻ ഹാജരായിരുന്നില്ല.

സർക്കാരിനെ അനുസരിക്കാത്ത പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുകയാണെന്ന് സോറൻ ഹർജിയിൽ ആരോപിച്ചു. ഇന്ത്യ സഖ്യം രൂപീകരിക്കുകയും പൊതുതിരഞ്ഞെടുപ്പ് അടുക്കുകയും ചെയ്തതോടെ പ്രതിപക്ഷത്തിനെതിരായ കേന്ദ്രത്തിന്റെ ആക്രമണങ്ങൾ വർധിക്കുകയാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സോറൻ വിശദീകരിച്ചിട്ടുണ്ട്.

കേസ് അന്വേഷണവുമായി സഹകരിക്കണമെന്ന് കഴിഞ്ഞ മാസം ഇഡി സോറനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയതാണെന്നും എന്തെങ്കിലും വിവരങ്ങള്‍ ആവശ്യമായുണ്ടെങ്കിൽ ഇ‍ഡിക്ക് രേഖകൾ പരിശോധിക്കാമെന്നുമായിരുന്നു സോറന്റെ പ്രതികരണം.

Top