ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തു. ഭൂമിയിടപാടുമായ ബന്ധപ്പെട്ട കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. അറസ്റ്റിന് മുന്നെ ഇ.ഡി.ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തിയ സോറൻ രാജി സമർപ്പിച്ചിരുന്നു. നിലവിലെ ഗതാഗത മന്ത്രി ചംപൈ സോറാനായിരിക്കും പുതിയ മുഖ്യമന്ത്രി.
ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി. ഹേമന്ദ് സോറനെ ബുധനാഴ്ച രാവിലെമുതൽ ചോദ്യംചെയ്തുവരികയായിരുന്നു. ഇതോടെ സോറനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹം പരന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചോദ്യംചെയ്യല്‍.
കസ്റ്റഡിയിലുള്ള സോറന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയതെന്ന് ജെ.എം.എം. എം.പി. മഹുവ മാജി അറിയിച്ചു. ചംപൈ സോറന്‍ മുഖ്യമന്ത്രിയാവുമെന്ന് ഇവര്‍ സ്ഥിരീകരിച്ചു. ഭരണകക്ഷി എം.എല്‍.എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തി ചംപൈ സോറന്‍ ഗവര്‍ണറെ കണ്ടു. നേരത്തെ, ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.