ന്യൂഡല്‍ഹി: ആരുഷി കൊലക്കേസില്‍ തല്‍വാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരേ കൊല്ലപ്പെട്ട ഹേംരാജിന്റെ കുടുംബം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനൊരുങ്ങുന്നു.
സുപ്രീം കോടതിയില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാനാണു ഹേംരാജിന്റെ കുടുംബത്തിന്റെ തീരുമാനം.
തല്‍വാര്‍ ദമ്പതികളുടെ വീട്ടുജോലിക്കാരനായിരുന്നു ഹേംരാജ്. ആരുഷിയുടെ മൃതദേഹം കണ്ടെത്തി രണ്ടു ദിവസത്തിനുശേഷം തല്‍വാര്‍ ദമ്പതികളുടെ വീടിന്റെ ടെറസില്‍ ഹോംരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തല്‍വാര്‍ കുടുംബത്തിനൊപ്പമാണ് ഹേംരാജും താമസിച്ചിരുന്നത്.
ഹേംരാജിന്റെ മകളുടെ ഭര്‍ത്താവായ ജീവനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീടു വിട്ടയച്ചു. ജീവനു തൊഴില്‍ നല്‍കിയിരിക്കുന്ന സമീര്‍ സിംഗ് എന്ന വ്യവസായിയാണ് ഹേംരാജിന്റെ കുടുംബത്തിനു നിയമസഹായം നല്‍കുന്നത്.
2008 മേയ് 16 നാണു നോയിഡയിലെ ദന്തഡോക്ടര്‍മാരായ രാജേഷ്-നൂപുര്‍ ദമ്പതികളുടെ ഏകമകളായ ആരുഷിയെ കൊലചെയ്യപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം രണ്ടുദിവസത്തിനുശേഷം വീടിന്റെ ടെറസില്‍ കണ്ടെത്തി.
സാഹചര്യത്തെളിവുകളുള്‍പ്പെടെ ഒന്നും പ്രതികള്‍ക്കെതിരേ നിലനില്‍ക്കില്ലെന്നു കണ്ടെത്തിയാണു ഹൈക്കോടതി തല്‍വാര്‍ ദമ്പതിമാരെ വെറുതേ വിട്ടത്. 2013 നവംബര്‍ 28നാണു പ്രതികളെ ഗാസിയാബാദിലെ സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
നാലുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം തല്‍വാര്‍ ദമ്പതികള്‍ കഴിഞ്ഞ ദിവസം ജയില്‍ മോചിതരായിരുന്നു.