ഹരാരെ: ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന മുന്‍ സിംബാബ്‌വെ ഓള്‍റൗണ്ടര്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് കഴിഞ്ഞ ദിവസം അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പിന്നാലെ മുന്‍ സിംബാബ്‌വെ താരം പിന്നാലെ ഒലോങ്ക ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ അനുശോചിച്ചിരുന്നു. പിന്നാലെ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു. ഓലോങ്ക തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി.
മരണവാര്‍ത്ത പങ്കുവച്ചതില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് ഒലോങ്ക ഇപ്പോള്‍. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിങ്ങനെ… ”ഈ വര്‍ഷമാദ്യം സ്ട്രീക്കിന് സുഖമില്ലെന്നുള്ള വാര്‍ത്ത വന്നപ്പോള്‍, അദ്ദേഹത്തെ ബന്ധപ്പെടാന്‍ ഞാന്‍ ശ്രമം നടത്തിയിരുന്നു. ചികിത്സ നടക്കുമ്പോഴും എത്രത്തോളം പുരോഗതി കൈവരിക്കുന്നുവെന്നുള്ള കാര്യങ്ങളെല്ലാം അദ്ദേഹം അറിയിച്ചിരുന്നു. എല്ലാസമയത്തും ഞാന്‍ അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സ്ട്രീക്ക്. ഞാന്‍ മറ്റാരോടും ആഴത്തില്‍ സംസാരിക്കാറില്ല. എന്നാല്‍ പെട്ടന്നൊരു നിമിഷം സ്ട്രീക്കിന്റെ മോശം അവസ്ഥയിലാണെന്ന് ഞാനറിഞ്ഞു. എന്നാല്‍ ആ വിവരം ശരിയായ ആശയവിനിമയം നടക്കാത്തതുകൊണ്ട് സംഭവിച്ചതാണ്.
കൂടുതല്‍ വിശദാംശങ്ങളിലക്ക് ഞാന്‍ പോകുന്നില്ല. ഫേസ്ബുക്കില്‍ നിന്നാണ് ഞാനും വിവരം അറിഞ്ഞത്. പുറത്തുവന്ന വിവരം ശരിയാണോന്ന് എനിക്ക് സംശയമായി. വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഞാന്‍ സ്ട്രീക്കിനും അദ്ദേഹത്തിന്റെ ഭാര്യക്കും സന്ദേശമയച്ചു. എന്നാല്‍ ഉടനെയൊന്നും മറുപടി ലഭിച്ചില്ല. അവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കള്‍ക്കും ഞാന്‍ മെസേജ് അയച്ചു. ആ വിവരം ശരിയാണെന്നാണ് അവര്‍ പറഞ്ഞത്. പെട്ടന്നുള്ള വിവരം എന്നെ വല്ലതാക്കി. ഞാനത് വിശ്വസിച്ചു, ശരിക്കും തകര്‍ന്നുപോയി. പിന്നീട് തെറ്റാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ക്ഷമാപണം നടത്തി.” ഒലോങ്ക പറഞ്ഞു.
1990കളിലും 2000-മാണ്ടിന്റെ ആദ്യ പകുതിയിലും സിംബാബ്വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്വെ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍ കൂടിയാണ്.