കൊറോണ കാലത്ത് പാവങ്ങള്‍ക്കായി പണമിറക്കാം; മോദി സര്‍ക്കാരിന് രഘുറാം രാജന്റെ ഉപദേശം

reghuram-rajan

ക്ഷീണത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ കനത്ത ആഘാതമാണ് കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്നത്. ആഘാതത്തിന്റെ ശക്തി കുറയ്ക്കാന്‍ കേന്ദ്ര ബാങ്കിന് ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നത്. ബുദ്ധിമുട്ടിലുള്ള ബിസിനസ്സുകള്‍ക്ക് ക്രെഡിറ്റ് നല്‍കുകയാണ് ഈ ഘട്ടത്തില്‍ ആര്‍ബിഐ ചെയ്യേണ്ടതെന്ന് രഘുറാം രാജന്‍ ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ സ്ഥിതിയില്‍ സമയോചിതമായി ഇത് നല്‍കാന്‍ ആര്‍ബിഐയ്ക്ക് ബുദ്ധിമുട്ട് നേരിടും. ‘നമ്മുടെ സമ്പദ് വ്യവസ്ഥ കേടുപാട് സംഭവിച്ച നിലയിലാണ്. ഈ പ്രശ്‌നങ്ങള്‍ വൃത്തിയാക്കിയാലാണ് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്ന് ഞാന്‍ എപ്പോഴും നിലപാട് സ്വീകരിച്ചിരുന്നു. നിലവില്‍ ആര്‍ബിഐക്ക് ബിസിനസ്സുകളെ സഹായിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്’, രഘുറാം രാജന്‍ ചൂണ്ടിക്കാണിച്ചു.

സര്‍ക്കാര്‍ നേരിട്ട് പ്രശ്‌നം പരിഹരിക്കാന്‍ ഇറങ്ങുകയാണ് ഇതിന് പോംവഴി. ചെറുകിട, മീഡിയം സ്ഥാപനങ്ങള്‍ക്കും വലിയ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ ഭാഗിക ഉറപ്പില്‍ ബാങ്കുകള്‍ പണം നല്‍കുമെന്ന് ഉറപ്പാക്കണം. ഇതിന് പുറമെ ബാങ്കുകള്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കി ഈ ക്രെഡിറ്റ് റിസ്‌ക് അവര്‍ ഏറ്റെടുക്കാന്‍ സന്നദ്ധരാക്കുകയും വേണം’, രാജന്‍ പറഞ്ഞു.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടുന്ന പാവങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ താല്‍ക്കാലികമായി ധനസഹായം നല്‍കണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു. താല്‍ക്കാലികമായാണ് ഈ പിന്തുണ നല്‍കേണ്ടത്. ദീര്‍ഘകാല പദ്ധതികള്‍ക്ക് തല്‍ക്കാലം നമുക്ക് പണമില്ല. ആദ്യം പണം പോകേണ്ടത് മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ്, രണ്ടാമത് അതുമൂലം ബാധിതരായവര്‍ക്കും. ഇവര്‍ക്ക് വരുമാനം നല്‍കുന്ന പദ്ധതി ഏതാനും മാസത്തേക്ക് നടത്തിയാല്‍ ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമാകും, രാജന്‍ വ്യക്തമാക്കി.

Top