പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര സര്‍ക്കാരിനും സുപ്രധാനമാണ് 2020 കേന്ദ്ര ബജറ്റ് അവതരണം. ഒരു സമയത്ത് ലോകത്തില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ, ഇപ്പോള്‍ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം അവസ്ഥയിലുമാണ്. വരുമാനം വര്‍ദ്ധിപ്പിക്കാനും ആളുകളുടെ വാങ്ങല്‍ ശേഷി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ്.
ബജറ്റ് പ്രഖ്യാപനത്തില്‍ ഏതെല്ലാം മേഖലകള്‍ നേട്ടമുണ്ടാക്കി, ആരെല്ലാം ക്ഷീണം നേരിട്ടുവെന്ന ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇതില്‍ പ്രധാനമായി വിജയം കണ്ട മേഖലകളില്‍ ഒന്നാമത് ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയാണ്. ഇന്ത്യയുടെ ദേശീയപാതകള്‍ക്കും, റെയില്‍വെ വികസനത്തിനുമായി 1.7 ട്രില്ല്യണ്‍ രൂപയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഈ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മേഖലകളിലും ഇതിന്റെ ഗുണം പ്രതിഫലിക്കും.
ഇലക്ട്രോണിക് നിര്‍മ്മാണം നേട്ടം കൊയ്ത മറ്റൊരു മേഖലയാണ്. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സെമികണ്ടക്ടര്‍ നിര്‍മ്മാണങ്ങള്‍ക്ക് പുറമെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണവും സര്‍ക്കാരിന്റെ പ്രോത്സാഹന പദ്ധതികളില്‍ നേട്ടം കൊയ്തു.
ഗ്രാമീണ, കര്‍ഷക മേഖലകളിലേക്കും പണം ഒഴുക്കും. 2.83 ട്രില്ല്യണ്‍ രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷത്തെ കാര്‍ഷിക ക്രെഡിറ്റ് ലക്ഷ്യം 15 ട്രില്ല്യണ്‍ രൂപയാണ് കണക്കാക്കുന്നത്. ഫിഷറീസ് മേഖലയിലും സര്‍ക്കാര്‍ വികസനം നടപ്പാക്കാന്‍ ലക്ഷ്യമിടുന്നു. എയര്‍കണ്ടീഷന്‍ ചെയ്ത ഫ്രൈറ്റ് കാറുകള്‍ റെയില്‍ സേവനത്തില്‍ ഉള്‍പ്പെടുത്താനും, വെയര്‍ഹൗസിംഗിനായുള്ള ഫണ്ടും നല്‍കും. കണ്ടെയ്‌നറര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
വെള്ളത്തിന്റെ ലഭ്യത കുറവുള്ള കാര്‍ഷിക മേഖലകള്‍ക്കും സീതാരാമന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ സോളാര്‍ പമ്പുകള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. 2024ഓടെ ഇന്ത്യയിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കാന്‍ 3.6 ട്രില്ല്യണ്‍ രൂപയുടെ പദ്ധതിയുമുണ്ട്. ക്ലീന്‍ ഇന്ത്യ മിഷന്‍ 123 ബില്ല്യണ്‍ രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാരത് നെറ്റാണ് ടെലികോം മേഖലയിലെ പ്രധാന പ്രഖ്യാപനം. ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് പ്രകാരം ഗ്രാമങ്ങളിലേക്ക് ബ്രോഡ്ബാന്‍ഡ് എത്തിക്കും. അടുത്ത സാമ്പത്തിക വര്‍ഷം 60 ബില്ല്യണ്‍ രൂപയാണ് ഇതിനായി വകയിരുത്തിയത്.
വിദ്യാഭാസ മേഖലയാണ് സീതാരാമന്‍ ശ്രദ്ധിച്ച മറ്റൊരു മേഖല. 2020-21 വര്‍ഷത്തില്‍ 993 ബില്ല്യണ്‍ രൂപയാണ് വകയിരുത്തിയത്. ഐടി സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമായി സ്വകാര്യ മേഖലയില്‍ ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ദേശീയ ഗ്യാസ് ഗ്രിഡ് 16,200 കീലോമീറ്ററില്‍ നിന്നും 27,000 കിലോമീറ്ററായി ഉയര്‍ത്താനും ഇന്ത്യ പദ്ധതിയൊരുക്കുന്നു.
അതേസമയം സീതാരാമന്റെ ബജറ്റ് പ്രതീക്ഷയ്ക്ക് വിപരീതമായി തിരിച്ചടിച്ച മേഖലകളുമുണ്ട്. എല്‍ഐസിയിലെ നിശ്ചിത ശതമാനം ഓഹരി വില്‍ക്കുമെന്ന പ്രഖ്യാപനം മൂലം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരിയും തിരിച്ചടി ഏറ്റുവാങ്ങി. ദേശവത്കൃത ബാങ്കുകള്‍ക്ക് മൂലധനം ഒഴുക്കുന്നതിലും ധനമന്ത്രി നിശബ്ദമായിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഇതാദ്യമായാണ് ഈ നിശബ്ദത.
വളം നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കും സീതാരാമന്റെ ബജറ്റ് തിരിച്ചടിയായി. വളത്തിന്റെ ഉപയോഗം ക്രമാതീതമായികുറയ്ക്കാനുള്ള പദ്ധതികള്‍ക്കാണ് ധനമന്ത്രി പ്രായോഗികത കല്‍പ്പിച്ചത്. നാഷണല്‍ ലോജിസ്റ്റിക് നയം വരാത്തത് ഈ മേഖലയിലെ കമ്പനികള്‍ക്കും നിരാശയായി. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലയും സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ഫലം നിരാശയായിരുന്നു.
വ്യക്തിഗത ടാക്‌സ് കുറച്ചതും, മധ്യവര്‍ഗ്ഗക്കാരുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിച്ചതുമൊന്നും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസം നല്‍കിയില്ല. സിഗററ്റ്, പുകയില ഉത്പന്നങ്ങള്‍, ഇറക്കുമതി ചെയ്യുന്ന പാദരക്ഷകള്‍, ഫര്‍ണീച്ചര്‍, ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉത്പന്നങ്ങള്‍, ചൈന സെറാമിക്, സ്റ്റീല്‍, കോപ്പര്‍ എന്നിവയാല്‍ നിര്‍മ്മിക്കുന്ന ടേബിള്‍വെയര്‍, കിച്ചണ്‍വെയര്‍ എന്നിവയുടെ വിലയും വര്‍ദ്ധിക്കും.
ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്റ്, ലൈറ്റ് വെയ്റ്റ് കോട്ടഡ് പേപ്പര്‍, ശുദ്ധീകരിക്കാത്ത പഞ്ചസാര, കാര്‍ഷിക, മൃഗ ഉത്പന്നങ്ങള്‍, ടൂണാ ബെയ്റ്റ്, സ്‌കിംഡ് പാല്‍, ചില ആല്‍ക്കഹോളിക് ഉത്പന്നങ്ങള്‍, സോയാ ഫൈബര്‍, സോയാ പ്രോട്ടീന്‍ എന്നിവയ്ക്ക് വിലകുറയും.