ഗൂഗിള്‍ അതിന്റെ ബ്രൌസറായ ഗൂഗിള്‍ ക്രോം ലോഗോയില്‍ മാറ്റം വരുത്തി. ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഈ ലോഗോ മാറ്റം ചര്‍ച്ചയാകുന്നുണ്ട്. എട്ട് കൊല്ലത്തിന് ശേഷമാണ് ഗൂഗിള്‍ ലോഗോയില്‍ കാര്യമായ ഒരുമാറ്റം ഗൂഗിള്‍ വരുത്തുന്നത്. എന്താണ് ഗൂഗിള്‍ ക്രോം ലോഗോയില്‍ വരുത്തിയ വലിയ മാറ്റം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം, അതിന് പ്രധാനമായും ഒരു കാരണമുണ്ട്. ഇപ്പോള്‍ പുറത്തുവിട്ട ചിത്രം അനുസരിച്ച് പെട്ടെന്ന് ഒരാള്‍ക്ക് ഒറ്റനോട്ടത്തില്‍ ഈ മാറ്റം മനസിലാക്കാന്‍ സാധിച്ചേക്കില്ല.
അതേ സമയം ഗൂഗിള്‍ ക്രോം, ലോഗോയില്‍ വരുത്തിയ മാറ്റം, ആധുനികമായ അനുഭവം എന്നാണ് ഗൂഗിള്‍ ക്രോം ഡിസൈനറും പുതിയ ലോഗോ മാറ്റത്തിന് പിന്നിലെ ശില്പ്പിയുമായ എല്വിന് ഹൂ പറയുന്നത്. നീളമേറിയ ഒരു ട്വിറ്റര്‍ ത്രെഡിലൂടെ ഗൂഗിള്‍ ക്രോം ലോഗോ ഡിസൈന്‍ മാറ്റം ഇദ്ദേഹം വിവരിക്കുന്നു.
ഫെബ്രുവരി 4ന് ക്രോം ഡെവലപര്‍ പതിപ്പില്‍ പുതിയ പരിഷ്കരിച്ച ലോഗോ ലഭിച്ചു തുടങ്ങും, മറ്റ് ഒഎസുകളിലും സിസ്റ്റങ്ങളിലും പുതിയ പരിഷ്കരിച്ച ലോഗോ സമീപമാസങ്ങളില്‍ ലഭിക്കും. ശരിക്കും എന്താണ് പുതിയ ലോഗോയിലെ മാറ്റം എന്നതിന് ഡിസൈനര്‍മാര്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ട്.
‘ഇപ്പോഴുള്ള ബ്രാന്റ് ഐക്കണില്‍ ഉള്ള ഷാഡോകള്‍ നീക്കം ചെയ്ത്, കളര്‍ ബാന്റുകളെ കൂടുതല്‍ തിളക്കമുള്ളതാക്കുകയാണ് ചെയ്തിരിക്കുന്നത്. ഒപ്പം ലോഗോയുടെ നടുക്കുള്ള നീല സര്‍ക്കിളിന്റെ വലിപ്പം ഇത്തിരി വര്‍ദ്ധിച്ചതായും തോന്നും. വളരെ ലഘുവായ മാറ്റമാണിതെന്ന് ഡിസൈനര്‍ തന്നെ സമ്മതിക്കുന്നു. ഇത് വളരെ ലഘുവായ മാറ്റം അല്ലെ എന്ന് ചോദിക്കാം, വിവിധ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്ന ഒരു പ്രോഡക്ടിന്റെ ബ്രാന്റ് ഐക്കണിലെ ഒരോ മാറ്റവും ആ പ്രോഡക്ടിന് നല്കുന്ന പരിഗണനയുടെ അടയാളമാണ്.
2008 ല്‍ നിലവില്‍ വന്ന കാലത്ത് ക്രോമിന് വളരെ തിളങ്ങുന്ന 3d ബ്രാന്റ് ഐക്കണാണ് ഉണ്ടായത്. ഇപ്പോള്‍ അതിന്റെ 3D ഇഫക്ട് പൂര്‍ണ്ണമായും മാറ്റി, തീര്‍ത്തും സിംപിളായ ഒരു രീതിയിലേക്ക് മാറ്റിയെന്ന് കാണാന്‍ സാധിക്കും.