മോദിയെ അണ്‍ഫോളോ ചെയ്തത് എന്ത്‌കൊണ്ട് ? വിശദീകരണവുമായി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത വാര്‍ത്ത പല ഊഹോപോഹങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വൈറ്റ് ഹൗസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്തുടര്‍ന്നിരുന്നതെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് സന്ദര്‍ശനം നടത്തുന്ന രാജ്യങ്ങളിലെ ഭരണത്തലവന്മാരുടേയും ബന്ധപ്പെട്ട മറ്റു ചില ഉന്നതോദ്യോഗസ്ഥരുടേയും അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നത് പതിവാണ്. പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ട്വീറ്റുകള്‍ അറിയുന്നതിനും റീട്വീറ്റ് ചെയ്യുന്നതിനും വേണ്ടിയാണ് കുറച്ചു നാളത്തേക്ക് ആ രാജ്യങ്ങളിലെ പ്രധാന ഔദ്യോഗിക അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നത്.അതിന് ശേഷം അണ്‍ഫോളോ ചെയ്യാറാണ് പതിവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. തികച്ചും സ്വാഭാവികമായ കാര്യമാണെന്നും മറ്റൊരു വ്യാഖ്യാനവും ഇതിലില്ലെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, യുഎസിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയിലെ യുഎസ് എംബസി, ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ കെന്‍ ജസ്റ്റര്‍ എന്നീ ട്വിറ്റര്‍ അക്കൗണ്ടുകളാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ @WhiteHouse ഫെബ്രുവരി മുതല്‍ ഫോളോ ചെയ്തിരുന്നത്. എന്നാല്‍ ഈ ആഴ്ച ആദ്യം ഈ അക്കൗണ്ടുകള്‍ പിന്തുടരുന്നത് വൈറ്റ് ഹൗസ് നിര്‍ത്തിയിരുന്നു.

വൈറ്റ് ഹൗസ് സാധാരണയായി പ്രസിഡന്റ്, പ്രഥമവനിത, വൈസ്പ്രസിഡന്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി 13 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മാത്രമേ ഫോളോ ചെയ്യാറുള്ളുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയം വിഷയം ഗൗരവമായി കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

Top