തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ഏറ്റവും വലിയ സാദ്ധ്യതകളില്‍ ഒന്നാണ് പൈതൃക ടൂറിസമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുസിരിസ് പൈതൃക പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പഠനവിനോദയാത്രയാണ് ‘സ്റ്റുഡന്‍സ് ഹെറിറ്റേജ് വാക്ക്’ എന്നും മന്ത്രി പറഞ്ഞു.
മധ്യ കേരളത്തിലെ പുരാതന തുറമുഖ നഗരമായ മുസിരിസിനെ കുറിച്ചും ആ തുറമുഖപട്ടണം നിലന്നിരുന്നു എന്ന് കരുതപ്പെടുന്ന കൊടുങ്ങല്ലൂര്‍ തുടങ്ങി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിലകൊള്ളുന്ന വിവിധ കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്മാരകങ്ങളും മ്യൂസിയങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിധേയമാക്കുവാന്‍ അവസരം നല്‍കുന്നുതാണ് ഈ പദ്ധതി വഴി ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്കു പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് ക്ലാസുകള്‍, ഓട്ടുപാത്ര നിര്‍മ്മാണം, മണ്‍പാത്ര നിര്‍മ്മാണം, നെയ്ത്ത് പാരമ്പര്യം, നാടന്‍ കലരൂപങ്ങളുടെ അവതരണം, പ്രദേശത്തെ വിവിധ പരമ്പരാഗത മത്സ്യബന്ധന രീതികള്‍ തുടങ്ങിയ പരോക്ഷമായ പൈതൃകത്തിന്റെ പ്രാധാന്യം നേരിട്ടറിയുവാനും മനസ്സിലാക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസസൗകര്യം, ഭക്ഷണം, ഗതാഗതം, ഗൈഡ്കളുടെ പിന്തുണ തുടങ്ങി മറ്റു അടിസ്ഥാന സൗകര്യങ്ങളും തികച്ചു സൗജന്യമായാണ് നല്‍കുന്നത്. പൈതൃക നടത്തത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി വിവിധ മ്യൂസിയങ്ങളുടെ ആക്റ്റിവിറ്റി ബുക്ക്, ജൂട്ട് ക്യാപ്പ്, നെയ്‌തെടുത്ത ജൂട്ട് ബാഗ്, വിത്തുകള്‍ നിറച്ച പരിസ്ഥിതി സൗഹൃദ എഴുത്ത്‌പേന, തുടങ്ങിയവ ഉള്‍പ്പെടുന്ന പഠന കിറ്റും നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.