റൈഡര്‍മാരും ബൈക്ക് പ്രേമികളുമൊക്കെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹീറോ എക്സ്ട്രീം 160ആര്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഫ്രന്റ് ഡിസ്‌ക്, ഡ്യുവല്‍ ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹീറോ എക്സ്ട്രീം 160ആര്‍ വില്പനക്ക് എത്തിയിരിക്കുന്നത്. ഫ്രന്റ് ഡിസ്‌കിന് 99,950 രൂപയും ഡ്യുവല്‍ ഡിസ്‌കിന് 1,03,500 രൂപയുമാണ് എക്സ്-ഷോറൂം വില.
ഹീറോ എക്സ്ട്രീം 160ആര്‍ യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് അവസാനത്തോടെ വില്‍പ്പനയ്ക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍, കൊറോണ വൈറസിന്റെ വ്യാപനവും തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും മൂലം ലോഞ്ച് നീളുകയായിരുന്നു. ഹീറോ എക്സ്ട്രീം 160R -നെ സ്പോര്‍ട്സ് ബൈക്കിനെക്കാളും സ്പോട്ടിയായ ഡിസൈനിലും ഷാര്‍പ്പ് സ്‌റ്റൈലിലും ഒരുങ്ങിയിട്ടുള്ള നേക്കഡ് ബൈക്ക് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.
ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 160 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ ആണ് വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന്‍ 8,500 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി പവറും 6,500 ആര്‍പിഎമ്മില്‍ 14 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5-സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.
ഈ സെഗ്മെന്റിലെ ഏറ്റവും വേഗമേറിയ ബൈക്കാണ് എക്സ്ട്രീം 160ആര്‍. 4.7 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തന്‍ ബൈക്ക് 160 സിസി സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളാണ്.