ഹീറോ മോട്ടോകോര്‍പ്പ് ഇരുചക്രവാഹനങ്ങള്‍ക്ക് വീണ്ടും വില വര്‍ധിപ്പിക്കുന്നു

ന്ത്യയിലെ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ മോട്ടോര്‍സൈക്കിളുകളുടെയും, സ്‌കൂട്ടറുകളുടെയും വില വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു. തിരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വിലകളില്‍ (എക്‌സ്-ഷോറൂം) ഒക്ടോബര്‍ മൂന്ന് മുതല്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്ന് കമ്പനി അറിയിച്ചു. ഉല്‍പ്പന്ന മത്സരം, പണപ്പെരുപ്പം, മാര്‍ജിന്‍, വിപണി വിഹിതം എന്നിവയെ കുറിച്ചുള്ള പതിവ് അവലോകനത്തിന്റെ ഭാഗമാണ് വിലയിലെ മാറ്റമെന്ന് കമ്പനി പറഞ്ഞു.

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധിപ്പിക്കുന്നത്. തിരഞ്ഞെടുത്ത മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ മോഡലുകളുടെ നിരക്ക് ജൂലൈ മൂന്നിന് കമ്പനി 1.5 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇരുചക്ര വാഹന കമ്പനി ഓഗസ്റ്റില്‍ മൊത്തം 4.89 ലക്ഷം യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 4.63 ലക്ഷം യൂണിറ്റിനേക്കാള്‍ കൂടുതലാണ്.

2023 ഓഗസ്റ്റില്‍ ഹീറോ മോട്ടോകോര്‍പ് ഇന്ത്യന്‍ വിപണിയില്‍ 4,72,974 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 450,740 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. വിദേശ കയറ്റുമതി 15,770 യൂണിറ്റിലെത്തി. 2022 ഓഗസ്റ്റില്‍ വിദേശ വിപണിയില്‍ വിറ്റ 11,868 യൂണിറ്റുകളേക്കാള്‍ വളരെ കൂടുതലാണ്. 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് 825 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 625 കോടി രൂപയേക്കാള്‍ 32 ശതമാനം കൂടുതലാണിത്. വാര്‍ഷിക വരുമാനം 4.5 ശതമാനം വര്‍ധിച്ച് 8,767 കോടി രൂപയായി.

Top