ഹീറോ മോട്ടോകോര്‍പ്പ്, ഹാര്‍ലി ഡേവിഡ്‌സണ്ണിനായി വിപുലമായ സംവിധാനമൊരുക്കുന്നു

മുംബൈ: ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്കായുള്ള സേവനവിതരണ ശൃംഖല വിപുലീകരിച്ചിട്ടുണ്ടെന്നും ആദ്യ ബാച്ച് പൂര്‍ണ്ണമായും വിറ്റുപോയതിനുശേഷം അടുത്ത ബാച്ച് അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ പാന്‍ അമേരിക്ക 1250 നായി ബുക്കിംഗ് ആരംഭിച്ചതായും ഇരുചക്ര വാഹന നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു.

‘ഹാര്‍ലിഡേവിഡ്‌സണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി ഹീറോ മോട്ടോകോര്‍പ്പിന്, ഇപ്പോള്‍ എല്ലാ സംവിധാനങ്ങളും ഉളള 14 ഡീലര്‍ഷിപ്പുകളുടെയും ഏഴ് അംഗീകൃത സേവന കേന്ദ്രങ്ങളുടെയും വിപുലമായ ശൃംഖലയുണ്ട്,’ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹീറോ മോട്ടോകോര്‍പ്പും ഹാര്‍ലിഡേവിഡ്‌സണും ഇന്ത്യന്‍ വിപണിയില്‍ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ലൈസന്‍സിംഗ് ഉടമ്പടി പ്രകാരം, അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാവായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്മാറിയതിന് ശേഷം മോട്ടോര്‍സൈക്കിളുകള്‍, യന്ത്ര ഭാഗങ്ങള്‍, മറ്റ് ചരക്കുകള്‍ എന്നിവയുടെ പ്രത്യേക വിതരണ അവകാശം ഹീറോ മോട്ടോകോര്‍പ്പ് ഏറ്റെടുത്തിരുന്നു. ഹാര്‍ലി ഡേവിഡ്‌സണിനായുളള ശൃംഖല കൂടുതല്‍ വിപുലീകരിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പിന് പദ്ധതിയുളളതായാണ് റിപ്പോര്‍ട്ട്. വില്‍പ്പന കൂടുന്നതിന് അനുസരിച്ച് ഇതുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Top