ഹീറോ മോട്ടോകോര്‍പ്പിന്റെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കി എല്‍.ഐ.സി

ന്യൂഡല്‍ഹി: ഹീറോ മോട്ടോകോര്‍പ്പിന്റെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഹീറോ മോട്ടോകോര്‍പ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വകാര്യ കമ്പനിയില്‍ നേരത്തെയുണ്ടായിരുന്ന നിക്ഷേപം രണ്ട് ശതമാനത്തോളമാണ് പൊതുമേഖലാ സ്ഥാപനം വര്‍ധിപ്പിച്ചിരിക്കുന്നത്. ഓഹരി ഉടമസ്ഥത ഇപ്പോള്‍ 7.146 ശതമാനമായി മാറി.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) 2017 ജൂണ്‍ 21 നും 2020 മെയ് 19 നും ഇടയിലാണ് കമ്പനിയുടെ 2.011 ശതമാനം ഓഹരികള്‍ അതായത് 40,16,255 ഓഹരികള്‍ വാങ്ങിയത്. മുന്‍പ് 1,02.57,040 ഓഹരികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പക്കലുണ്ടായിരുന്നത്. ഇത് 5.135 ശതമാനമായിരുന്നു.

മാര്‍ച്ച് പാദത്തില്‍ നെസ്ലെ ഇന്ത്യയിലെ നിക്ഷേപം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വെട്ടിക്കുറച്ചിരുന്നു. നേരത്തെ 3.04 ശതമാനമുണ്ടായിരുന്ന ഓഹരി നിക്ഷേപം 2.87 ശതമാനമാക്കി കുറയ്ക്കുകയാണ് ചെയ്തത്. 1.63 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്.

Top