ദില്ലി: വാഹന വില കൂട്ടാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. ജൂലൈ മുതല്‍ വില 3000 രൂപ വീതം വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ എല്ലാ മോഡലുകള്‍ക്കും വില കൂടിയേക്കും.
അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിനാല്‍ ഉല്‍പാദനച്ചെലവ് വര്‍ധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കമ്പനി പറയുന്നത്. വസ്തുക്കളുടെ വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവ് കാരണം ഇരുചക്രവാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്ന് ഹീറോ പറയുന്നു.
കമ്പനിയുടെ ഓരോ മോഡലിനും അനുസരിച്ച് വര്‍ധനവിന്റെ തോതില്‍ മാറ്റമുണ്ടാകും. ഈ വര്‍ഷം ആദ്യം പാസഞ്ചര്‍ വാഹനങ്ങളിലെയും ഇരുചക്ര വാഹനങ്ങളിലെയും നിരവധി നിര്‍മാതാക്കള്‍ വിലവര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയര്‍ന്ന ഉല്‍പാദനച്ചെലവും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വില കൂട്ടലും.