ഹങ്ക്, എക്‌സ്ട്രീം മോഡല്‍ ബൈക്കുകള്‍ പിന്‍വലിക്കാനൊരുങ്ങി ഹീറോ

ങ്ക്, എക്‌സ്ട്രീം മോഡല്‍ ബൈക്കുകള്‍ പിന്‍വലിക്കാനൊരുങ്ങി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്.

വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത മോഡലുകള്‍ പടിപടിയായി പിന്‍വലിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് 150 സിസി ശ്രേണിയിലെ ഹങ്ക്, എക്‌സ്ട്രീം മോഡലുകള്‍ പിന്‍വലിക്കാനൊരുങ്ങുന്നത്. അതിന്റെ ആരംഭമെന്നോണം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഈ രണ്ട് മോഡലുകളും ഹീറോ മോട്ടോകോര്‍പ്പ് പിന്‍വലിച്ചു കഴിഞ്ഞു.

നേരത്തെ എച്ച്എഫ് ഡോണ്‍, സ്‌പ്ലെന്‍ഡര്‍ പ്ലോ ക്ലാസിക്, സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട് മോഡലുകളും വെബ്‌സൈറ്റില്‍ നിന്ന് കമ്പനി പിന്‍വലിച്ചിരുന്നു.

എന്നാല്‍ ഇവയുടെ വില്‍പ്പന അവസാനിപ്പിച്ചെന്ന് ഔദ്യോഗികമായി ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ അറിയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ വില്‍പ്പനയില്‍ 11.64 ശതമാനത്തിന്റെ ഇടിവാണ് ഹീറോയ്ക്കുണ്ടായത്.

വില്‍പ്പനയില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹീറോ സ്‌പ്ലെന്‍ഡറിനെ അടുത്തിടെ ഹോണ്ട ആക്ടീവ പിന്നിലാക്കിയിരുന്നു.

നിലവില്‍ ഇന്ത്യയ്ക്ക് പുറമേ കൊളംബിയയിലും ഹീറോയ്ക്ക് നിര്‍മാണ കേന്ദ്രങ്ങളുണ്ട്. ആഗോള വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശില്‍ പുതിയ നിര്‍മാണ കേന്ദ്രം ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഹങ്കും എക്‌സ്ട്രീമും പിന്‍വാങ്ങുന്നതോടെ 150 സിസി ശ്രേണിയില്‍ എക്‌സ്ട്രീം സ്‌പോര്‍ട്ട്, അച്ചീവര്‍ മോഡലുകള്‍ മാത്രമാകും ഹീറോ നിരയില്‍ വിപണിയില്‍ ലഭ്യമാകുക.

നിലവില്‍ ഇവരണ്ടും വില്‍പ്പനയില്‍ മുന്‍പന്തിയിലാണ്. പഴയ മോഡലുകള്‍ പിന്‍വലിച്ച് പുതുതലമുറ മോഡലുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ ഹീറോ.

Top